ചെറുതോണി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് നിറുത്തിവെച്ച ചെറുതോണി പാലത്തിന്റെ നിർമ്മാണം അടുത്ത മേയിൽ പൂർത്തിയാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പാലത്തിന്റെ നിർമ്മാണം സംബന്ധിച്ച് ഉദ്യോഗസ്ഥരും ടൗണിലെ വ്യാപാരികളുമായി ചർച്ച ചെയ്തശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ നിർമ്മാണംമൂലം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് നിർമ്മാണം നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിലെ രണ്ടു കടകളുടെ മുൻഭാഗം പൊളിച്ചുമാറ്റേണ്ടിവരും. അതിനു വ്യാപാരികൾ സഹകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കടകൾ പൊളിച്ചുമാറ്റിയാൽ പാലത്തിന്റെ രണ്ടു സൈഡിലും മൂന്നുമീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നൽകാമെന്നും എം.പി അറിയിച്ചു. പാലത്തിനു 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 19 കോടി രൂപയ്ക്കാണ് മധുര ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 2022 ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാൽ രണ്ടുമാസം പണി നിറുത്തിവെയ്‌ക്കേണ്ടിവന്നു. പാലത്തിന്റെ അടിത്തറയുടെയും തൂണുകളുടെയും നിർമ്മാണം പൂർത്തിയായി. പ്രളയകെടുതിയുണ്ടായി അണക്കെട്ടു തുറന്നു വിട്ടാലും പണികൾ നടത്തുന്നതിന് തടസമില്ലെന്നും ഉദ്യോഗസ്ഥരും കരാറുകാരും അറിയിച്ചു. പി.ഡി. ജോസഫ്, റോയി ജോസഫ്, ജോസ് കുഴികണ്ടം, ബാബു ജോസഫ്, സുരേഷ് മീനത്തേരിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.