കണ്ണൂർ: കണ്ണൂർ വിമാനത്താവളം തുടങ്ങിയത് തന്നെ സ്വർണ്ണ കള്ളക്കടത്തിനാണെന്നാണ് മലബാറിലെ ആക്ഷേപം. ആഴ്ചയിൽ ഒന്നുവീതം സ്വർണ കള്ളക്കടത്തുകളാണ് ഇവിടെ നിന്ന് പിടിക്കപ്പെടുന്നത്. ഒരുദിവസം നാല് കടത്ത് വരെ പിടികൂടിയ സംഭവവുമുണ്ട്. ഇതിന്റെ എത്രയോ ഇരട്ടി ഇതിനകം പുറത്തുകടത്തികഴിഞ്ഞു. പിടിക്കപ്പെടുന്നത് അപൂർവ്വം മാത്രമാണ്.
കണ്ണൂർ വിമാനത്താവളം ഇതിനകം സ്വർണക്കടത്തുകാരുടെ ഹബ്ബായി മാറിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 100 കിലോ സ്വർണം പിടിക്കാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലദ്വാരത്തിലും മറ്റുമായി ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. ഇങ്ങനെ കടത്തിയ മൂന്നംഗ സംഘത്തെ കഴിഞ്ഞ മാസം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. 2432 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസം ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ ബാലുശേരി കുഴിയിലെ പിലാത്തോട്ടത്തിൽ മുനീറിൽ നിന്നും 26 ലക്ഷം വരുന്ന 540 ഗ്രാം സ്വർണവും, ഇതേദിവസം രാവിലെ 9.30ന് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ വടകര തുണ്ടിയിൽ താഴെ ഫിറോസിൽ നിന്നും 58,61,000 രൂപ വിലമതിക്കുന്ന 1211 ഗ്രാം സ്വർണവും, വൈകുന്നേരം 4.30 ന് ബഹ്റിനിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി കുനിയിൽ അബ്ദുള്ളയിൽ നിന്നും 33 ലക്ഷം രൂപ വിലമതിക്കുന്ന 681 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്.
ഫിറോസിൽ നിന്നും 160 ഗ്രാം തൂക്കം വരുന്ന ചെയിൻ രൂപത്തിലുള്ളതും പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവുമാണ് പിടികൂടിയത്. മൂന്നു പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് വർദ്ധിക്കുന്നു. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വർണത്തിന്റെ കണക്ക് ഇതിന്റെ പലമടങ്ങ് വരും. കടത്തിൽ സ്ത്രീകളാണ് മുന്നിലെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. സന്ദർശക വിസയിൽ ഗൾഫ് രാജ്യങ്ങളിൽ പോയിവരുന്ന കാരിയർമാർ വഴിയാണ് കൂടുതലും സ്വർണം കടത്തുന്നത്. ദുബായ് കേന്ദ്രീകരിച്ചാണ് കണ്ണൂർ വിമാനത്താവളം വഴി കൂടുതലും സ്വർണം എത്തുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വരെ പിടിയിലായവരിൽ അധികവും കാസർകോട് സ്വദേശികളാണ്. കണ്ണൂരിൽ ഇതുവരെ 200ലധികം പേർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം 21.35 കോടി രൂപ വിലവരുന്ന 45 കിലോ സ്വർണം പിടിച്ചു എന്നാണ് ഏകദേശ കണക്ക്. കസ്റ്റംസിന് പുറമേ ഡി.ആർ.ഐ.യും കടത്തുസ്വർണം പിടികൂടുന്നുണ്ട്. പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പേരും കാരിയർമാരായതുകൊണ്ട് കടത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ കഴിയാറില്ല.