കണ്ണൂർ: കൊവിഡ് കാലത്ത് ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരെ ആശ്വാസത്തിന്റെ തുരുത്തിലെത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ സ്മൈലീസ് ഇന്ത്യ എന്ന കൂട്ടായ്മയിലൂടെ. ഏറ്റവുമധികം ആശങ്കകളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നായ ഭിന്നശേഷിക്കാർക്ക് താങ്ങും തണലുമായി മാറുകയാണ് ഇവർ. ഈ ലോക്ക്ഡൗണിൽ നാനൂറോളം ഭിന്നശേഷിക്കാരാണ് വിവിധ ആവശ്യങ്ങളുമായി ഇവരെ തേടിയെത്തിയത്.
കൊവിഡ് വാക്സിൻ ഉൾപ്പടെയുള്ളവയായിരുന്നു അത്. അവരുടെ പ്രശ്നങ്ങളിൽ കൈത്താങ്ങായി നിൽക്കാൻ സദാ സേവനസന്നദ്ധരായി നിൽക്കുകയാണ് യുവതീയുവാക്കളുടെ ഈ കൂട്ടായ്മ. കൂട്ടായ്മയുടെ കേരള ഘടകമായി പ്രവർത്തിക്കുന്ന ഹാപ്പി പീപ്പിൾ പ്രോജക്ടിന് രൂപം നൽകിയത് കാസർകോട് ജില്ലയിലെ പാണത്തൂർ സ്വദേശിയായ നിധിൻ നെടുംകണ്ടത്തിലാണ്. ബി.ടെക് കഴിഞ്ഞ് ബംഗളൂരുവിൽ ജോലിചെയ്തിരുന്ന കാലത്താണ് നിധിൻ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്.
വിവിധ പ്രശ്നങ്ങൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ഫോണിലൂടെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതും ചെവി കേൾക്കാത്തവർക്കായി ആംഗ്യഭാഷ കൈകാര്യം ചെയ്യുന്ന വോളണ്ടിയർമാരുടെ സഹായത്തോടെ സേവനങ്ങൾ ഉറപ്പുവരുത്തുന്നതും അന്ധതയുള്ളവർക്ക് ബിഗ് ബാസ്കറ്റിലൂടെ സാധനങ്ങൾ വീട്ടിലെത്തിച്ചുനൽകുന്നതും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
കുട്ടികൾക്കായി സ്റ്റെപ്പ് അപ്
നിധിന്റെ നേതൃത്വത്തിൽ ഹാപ്പി പീപ്പിൾ കൂട്ടായ്മയുടെ പേരിൽ വികസിപ്പിച്ചെടുത്ത സൗജന്യ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാനുള്ള സംവിധാനവും അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്റ്റെപ് അപ് എന്ന പേരിൽ സൗജന്യ ഓൺലൈൻ ഇംഗ്ലീഷ് ക്ലാസുകളും ഇവർ നൽകുന്നു. ഈ രണ്ടു സേവനങ്ങളും ഭിന്നശേഷിക്കാരല്ലാത്തവർക്കും ലഭ്യമാണ്.
നിധിനു പുറമേ കാസർകോട് ജില്ലക്കാരായ നിധീഷ്, സരിൻ, കണ്ണൂർ ചെമ്പേരി സ്വദേശി ഷോൺ, പത്തനംതിട്ടയിൽ നിന്നുള്ള വിഷ്ണു, വിശാൽ, കൊച്ചിയിൽ നിന്നുള്ള ഷേണായ്, തൃശൂരിൽ നിന്നുള്ള നിഷി, നിവേദ് എന്നിവരും ഈ പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
സ്മൈലീസ് ഇന്ത്യ
ബംഗളൂരു ആസ്ഥാനമായ പ്രവർത്തിക്കുന്ന എൻ.ജി.ഒ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 വൊളണ്ടിയർമാർ
കേരള ഘടകമായി പ്രവർത്തിക്കുന്നത് ഹാപ്പി പീപ്പിൾ പ്രോജക്ട്
നേതൃത്വം പാണത്തൂർ സ്വദേശിയായ നിധിൻ നെടുംകണ്ടത്തിലിന്