anjali

കാസർകോട്: പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിൽ കണ്ടെത്തി. ഒരു ലോഡ്ജിൽ തനിച്ച് താമസിച്ചു വരുന്നതിനിടയിൽ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. അമ്പലത്തറ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കണ്ട് സംസാരിച്ചതിൽ നിന്നാണ് പൊള്ളക്കടയിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്. മലയാളി സമാജം പ്രവർത്തകർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്. പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ. അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്ന് കാണാതായത്. ഏപ്രിൽ 25 ന് വിവാഹം നിശ്ചയിച്ച അഞ്ജലി 19ന് ഉച്ചയ്ക്ക് വീട് വിടുകയായിരുന്നു.

ഇക്കയും ഞാനും സ്‌നേഹത്തിലാണെന്നും ഞാൻ ഇക്കയുടെ കൂടെ പോകുന്നു എന്നെഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ലൗ ജിഹാദിന്റെ ഭാഗമായി പെൺകുട്ടിയെ കൊണ്ടുപോയതെന്ന് നാട്ടിൽ വിവാദമുണ്ടായി. പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. ചെന്നൈയിൽ എത്തിയ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും ഓഫാക്കിയ നിലയിലായിരുന്നു. പള്ളിക്കരയിലെ യുവാവാണ് ഇക്ക എന്നുകരുതി പൊലീസ് യുവാവിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് കൊളത്തൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന വിവരത്തെ തുടർന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തി.

എന്നാൽ ബന്ധുക്കൾ സംശയിക്കുന്ന ആൾ ഇപ്പോൾ ഗൾഫിലാണ് ഉള്ളതെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്ക് ഔട്ട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു. യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പെൺകുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് പതിക്കാൻ കേസന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്.


അഞ്ജലി സ്വർണ്ണം വിറ്റത് ചെന്നൈയിൽ

വിവാഹത്തിന് വീട്ടുകാർ കരുതിവെച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങളും എടുത്താണ് അഞ്ജലി വീട്ടിൽ നിന്ന് പോയത്. ഈ ആഭരണങ്ങൾ ചെന്നൈയിലെ ഒരു ജൂവലറിയിൽ ആണ് വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങൾ വിൽക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. മാനസിക സംഘർഷം ഉള്ള പെൺകുട്ടി ഉറക്കം കിട്ടുന്നതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഗുളികയുടെ കുറിപ്പും മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. വിവാഹ ജീവിതത്തോട് താത്പര്യം ഇല്ലാത്തതിനാൽ നാടുവിട്ടതാണെന്ന് പൊലീസ് കരുതുന്നുണ്ട്. തെലുങ്കാനയിൽ കണ്ടെത്തുമ്പോഴും കൂടെ ആരും ഇല്ലെന്ന വിവരം ദുരൂഹത വർദ്ധിപ്പിക്കുന്നു.