കാഞ്ഞങ്ങാട്: നാലുപതിറ്റാണ്ടുകാലമായി പുതിയകോട്ട തെരുവോരങ്ങളിൽ കഴിഞ്ഞ് കടവരാന്തകൾ വൃത്തിയാക്കിയും പാഴ്‌വസ്‌തുക്കൾ ശേഖരിച്ചും ഭിക്ഷാടനം നടത്തിയും ജീവിതം നയിച്ചിരുന്ന ചിന്നമ്മക്ക് കാഞ്ഞങ്ങാട് നന്മ മനസ് പുതുജീവൻ നൽകി. സർക്കാർ വൃദ്ധസദനങ്ങളിൽ കൊവിഡ് കാലത്ത് പുതിയ പ്രവേശനമില്ലാത്തതിനാൽ പടന്നക്കാട് ഗുഡ്‌ഷെപ്പേർഡ് പള്ളിയിലെ കന്യാസ്‌ത്രീകളുടെ സഹായത്തോടെ തലശ്ശേരിയിലെ സമരിടോൺ ഹോമിൽ ചിന്നമ്മയെ പുനരധിവസിപ്പിക്കാൻ തിരുമാനമായി.
തമിഴ്‌നാട് തിരുച്ചുറപ്പള്ളിയിൽ നിന്നാണ് ചിന്നമ്മ കാഞ്ഞങ്ങാട്ടെത്തിയത്. കഴിഞ്ഞമാസം എട്ടിനു കാലിനു പരിക്കുപറ്റി കടവരാന്തയിൽ മൃതപ്രായമായി ചിന്നമ്മ കഴിയുന്നത് മാഷ് ഡ്യൂട്ടിയുടെ കോ-ഓർഡിനേറ്റർ വിക്ടറിലൂടെയാണ് നന്മമരം പ്രവർത്തകർ അറിഞ്ഞത്. ഉടൻ തന്നെ ഹൊസ്‌ദുർഗ് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ മനോജ് കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് സൊസെറ്റി പ്രവർത്തകൻ ഗോകുലാനന്ദൻ എന്നിവരുടെ സഹായത്തോടെ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് കാലിന് അടിയന്തര ചികിത്സ നൽകി. ബന്ധുക്കളോ സഹായികളോ ഇല്ലാത്ത 80 പിന്നിട്ട ചിന്നമ്മയെ ആശുപത്രിയിലെ നഴ്‌സുമാരും ജീവനക്കാരും കാഞ്ഞങ്ങാട് നഗരസഭയുടെ പാലിയേറ്റീവ് വളണ്ടിയർമാരും നന്മമരം പ്രവർത്തകരുമാണ് പരിചരിച്ചത്.
ജില്ലാ ആശുപത്രിയിൽ ചിന്നമ്മക്ക് നഗരസഭ പാലിയേറ്റീവ് സൊസൈറ്റി, കാഞ്ഞങ്ങാട് നന്മമരം എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത, പാലിയേറ്റീവ് സൊസൈറ്റി രക്ഷാധികാരി വി.വി രമേശൻ, ഡോ. നിത്യാനന്ദബാബു, നന്മമരം പ്രസിഡന്റ് സലാം കേരള, സി.പി ശുഭ എന്നിവർ സംസാരിച്ചു. ഹരി നോർത്ത് കോട്ടച്ചേരി വസ്‌ത്രങ്ങളും അത്യാവശ്യമായവയുമടങ്ങിയ കിറ്റ് സമ്മാനിച്ചു. ടി.കെ ജോഷ്‌മ സ്വാഗതവും ടി.കെ നാാരയണൻ നന്ദിയും പറഞ്ഞു.