ചെറുവത്തൂർ: കാർഷിക കേരളത്തിന് വൈവിദ്ധ്യവൽക്കരണത്തിലൂടെ നിരവധി സംഭാവനകൾ നൽകിയ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും കുള്ളൻ പശുക്കളുടെ പാൽ വിതരണത്തിന് ഇന്നലെ തുടക്കമായി. ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി പാൽ വിതരണത്തിന്റെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ നിർവഹിച്ചു. ഇതോടെ സർക്കാർ സംവിധാനത്തിൽ എ.ടു ടൈപ്പ് പാൽ വിതരണം ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനമെന്ന ഖ്യാതിയും ഈ കാർഷിക കേന്ദ്രത്തിനുള്ളതായി.
ഏറെ ഔഷധ ഗുണമുള്ള കുള്ളൻ പശുവിന്റെ പാൽ ലിറ്ററിന് 61 രൂപക്കാണ് വിൽപ്പന നടത്തുന്നത്. കേന്ദ്രത്തിൽ കുള്ളൻ പശുക്കളുടെ എണ്ണം 58 ആയി ഉയർന്നതോടെയാണ് പാൽ വിതരണം ആരംഭിച്ചത്. രണ്ടര മുതൽ മൂന്നു ലിറ്റർ വരെയാണ് ഒരു കുള്ളൻ പശുവിൽ നിന്നും പരമാവധി ലഭിക്കുന്ന പാൽ. ഓരോ ഗ്ലാസ് പാലിലും 8 ഗ്രാം വീതം പ്രോട്ടീൻ അടങ്ങുന്നതെന്നാണ് പാലിന്റെ മേന്മ. അതോടൊപ്പം കാൽസ്യം, എ1, ഡി 1, ബി 12 എന്നീ പോഷകമൂല്യവും അടങ്ങിയതാണ് കുള്ളൻ പശുവിൻ പാൽ. കുട്ടികൾക്കടക്കം സുരക്ഷിതവുമാണ്. കാർഷിക കേന്ദ്രം ഡയറക്ടർ ഡോ. ടി. വനജ ,ഡോ. അനി. എസ്. ദാസ് പങ്കെടുത്തു.