മടിക്കൈ: ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് സമയത്ത് സമ്മാനമായി നൽകിയ സ്വർണ്ണമോതിരം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി പഞ്ചായത്ത് സെക്രട്ടറിയുടെ മാതൃക. 36 വർഷത്തെ സേവനത്തിനു ശേഷം മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച കെ.പി. ശശിധരനാണ് മോതിരം വാക്സിൻ ചാലഞ്ചിലേക്ക് കൈമാറിയത് .
1985 ൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച ശശിധരൻ നീണ്ട കാലം മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയായി. യാത്രയയപ്പ് യോഗത്തിൽ സി.പി. എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ സ്വർണ്ണമോതിരം ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അദ്ധ്യക്ഷത വഹിച്ചു . മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി കുമാരൻ, സി. പ്രഭാകരൻ, പി. ബേബി, എം. രാജൻ, അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനൻ, പി.കെ വിനോദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതം പറഞ്ഞു.