ഇരിട്ടി: ഉരുൾപൊട്ടൽ ഭീഷണിയും മഴക്കാല ദുരന്തങ്ങളും പ്രതിരോധിക്കുന്നതിന് ഉളിക്കൽ പഞ്ചായത്തിലെ വിവിധ കരിങ്കൽ ക്വാറികളിൽ ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മുൻകാല പ്രളയ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഉരുൾ പൊട്ടൽ സാദ്ധ്യതയുണ്ടാകുമെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായി വിവിധ ക്വാറികളിൽ മിന്നൽപരിശോധന നടത്തിയത്.
ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട്, പേരട്ട, അറബി മേഖലകളിലെ കിണറുകളിലെ വെള്ളം കലങ്ങുകയും തോടുകളിൽ വൻ തോതിൽ ചെളിവെള്ളം ഒഴുകുന്നതും കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിൽ കരിങ്കൽ ക്വാറി മിശ്രിതങ്ങൾ വെള്ളത്തിൽ കലരുന്നതായി കണ്ടെത്തി. മുൻവർഷങ്ങളിലും ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടാവുകയും കാലവർഷത്തിൽ മേഖലയിൽ ഉരുൾപൊട്ടലും പ്രളയ ദുരന്തവുമുണ്ടാവുകയും ചെയ്തിരുന്നു.

ഇത് കണക്കിലെടുത്ത് പ്രദേശത്തെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഉളിക്കൽ പഞ്ചായത്തധികൃതർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, സെക്രട്ടറി ബാബു ജോസഫ്, വയത്തൂർ വില്ലേജ് ഓഫിസർ ടി. സിനി, ഉളിക്കൽ പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജോർജ്ജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൾ റഹീം, പഞ്ചായത്തംഗം ഇന്ദിര പുരുഷോത്തമൻ എന്നിവരടങ്ങുന്ന സംഘം കോളിത്തട്ടിലെ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി.

പ്രവൃത്തി നടക്കുന്ന ക്വാറികളിൽ ചിലതിൽ വലിയ തോതിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾപൊട്ടലിനു കാരണമാകുന്ന തരത്തിൽ മൺതിട്ട വിണ്ടുകീറിയതും ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ക്വാറികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.

പഞ്ചായത്ത് സെക്രട്ടറി