തളിപ്പറമ്പ്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലും മഴക്കാല പകർച്ച വ്യാധികൾ തടയുന്നതിലും നഗരസഭ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് സി.പി.എം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കൊവിഡ് പ്രതിരോധത്തിൽ പാടെ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു സമരം.

നഗരസഭാ ഓഫിസിന് മുന്നിൽ നടന്ന സമരം സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.വി ഗിരിശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിൽ. പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ,എം ലത്തീഫ് എന്നിവർ സംസാരിച്ചു. താലൂക്ക് ഓഫിസിന് മുന്നിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണനും ഹൈവേ തൊക്കിലങ്ങാടിയിൽ കെ. ദാമോദരനും തളിപ്പറമ്പ് സഹകരണാശുപത്രിക്ക് സമീപം കെ. നാരായണനും ഗവ. ആശുപത്രിക്ക് സമീപം ഐ.വി നാരായണനും സമരം ഉദ്ഘാടനം ചെയ്തു.

സമരം രാഷ്ട്രീയപ്രേരിതമെന്ന് ഭരണസമിതി

തളിപ്പറമ്പ് : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തളിപ്പറമ്പ നഗര സഭ അനാസ്ഥ കാണിക്കുന്നുവെന്ന സി.പി.എം. പ്രചരണവും സമരവും വസ്തുതകൾക്ക് നിരക്കാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിയും, വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനും കുറ്റപ്പെടുത്തി. എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു.. ഇത്തരം സമരങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്ന നഗരസഭ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളുവെന്നും ഇരുവരും കുറ്റപ്പെടുത്തി.