പയ്യന്നൂർ: നഗരസഭ പരിധിയിലെ കൊവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനായി നഗരസഭ നടപ്പിലാക്കിയിട്ടുളള കർശന നിയന്ത്രണങ്ങൾ ഫലം കണ്ടതായി ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തി. സർക്കാർ നൽകിയിട്ടുള്ള ഇളവുകൾ അതേ പോലെ നടപ്പിലാക്കാതെ നഗരസഭ കുറച്ച് കൂടി നിയന്ത്രണം ഏർപ്പെടുത്തിയും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പൊലീസും ജാഗ്രത സമിതിയും നല്ല രീതിയിലുള്ള ഇടപെടൽ നടത്തിയുമാണ് നേട്ടം കൈവരിച്ചത്. ഇതിനു പുറമെ പൊതുജനങ്ങളുടെ സഹകരണത്തോടു കൂടിയും നഗരസഭ ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥിതി പരിശോധിച്ച് അവലോകന യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർ ഫൽഗുനൻ, തഹസിൽദാർ ഇൻചാർജ് സുദീപ്, നഗരസഭ സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.