കണ്ണൂർ: എൻ.ഡി.എയിൽ ചേരാൻ ആദിവാസി നേതാവ് സി.കെ. ജാനു 10 കോടി രൂപ ആവശ്യപ്പെട്ടെന്നും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്നും വെളിപ്പെടുത്തുന്ന ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടു. 10 കോടിയും പാർട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.
കോട്ടയത്ത് നടന്ന ചർച്ചയിൽ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രൻ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്തു വച്ചാണ് ജാനുവിന് സുരേന്ദ്രൻ പണം നൽകിയത്. പണം കിട്ടിയതോടെയാണ് അമിത് ഷായുടെ പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ല. വ്യക്തിപരമായാണ്. തല പോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കുമാറ്റിയത്. ബത്തേരിയിൽ മാത്രം ഒന്നേമുക്കാൽ കോടി രൂപ തിരഞ്ഞെടുപ്പിനെന്നു പറഞ്ഞ് ഒഴുക്കി. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു.
കണ്ണൂർ ബി.ജെ.പിയിലും പോര് മുറുകുന്നു
നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരി മണ്ഡലം സ്ഥാനാർത്ഥി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളലും തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള തർക്കവും കണ്ണൂർ ജില്ലയിൽ പുതിയ വിവാദത്തിന് വഴിതുറന്നു.
വോട്ട് കുറഞ്ഞതിന്റെ പഴിയും നാമനിർദേശ ത്രിക തള്ളപ്പെട്ടതുമെല്ലാം ജില്ലാ പ്രസിഡന്റിന്റെ തലയിലിട്ട് പുകച്ച് ചാടിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പത്രിക തള്ളാനിടയാക്കിയത് ജില്ലാ പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്ന നിലപാടിലാണ് എതിർപക്ഷം. നാമനിർദേശപത്രിക പരിശോധിച്ച് ഉറപ്പിക്കാൻ പ്രസിഡന്റ് തയാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ജാനുവിന്റെ പ്രചാരണത്തിന് കുഴൽപ്പണമെന്ന്
സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമായിരുന്നുവെന്ന് സംശയിക്കുന്നതായി പ്രസീത ആരോപിച്ചു. ആദിവാസി, ദളിത്, ക്രൈസ്തവ വോട്ട് തനിക്ക് അനൂകൂലമാകുമെന്നാണ് ജാനു എൻ.ഡി.എ നേതാക്കളോട് പറഞ്ഞത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് വോട്ടു കുറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ടു നേടുന്നതിനെക്കാർ സാമ്പത്തിക നേട്ടമായിരുന്നു ജാനു ലക്ഷ്യമിട്ടതെന്നും പ്രസീത ആരോപിച്ചു.