കാസർകോട്: മാസങ്ങൾ നീണ്ട കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ ട്രോളിംഗ് നിരോധനവും വരുന്നത് മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതോടെ തുടർന്നുള്ള 52 ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതിയുടെ നാളുകളാണ്. മടക്കര തുറമുഖം, തൈക്കടപ്പുറം ഫിഷ് ലാൻഡിംഗ് സെന്റർ, കാസർകോട് മിനി ഹാർബർ, മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖം തുടങ്ങിയവ കേന്ദ്രമായി 120 ഓളം മത്സ്യബന്ധന ബോട്ടുകൾ കാസർകോട് ജില്ലയിൽ മാത്രമുണ്ട്.
ഇതിന് പുറമെ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നിന്ന് കാസർകോട് ജില്ലയിലെ കടലോര പ്രദേശങ്ങളിൽ എത്തി താമസിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും ഏറെയാണ്. ആഴക്കടൽ മത്സ്യബന്ധനം നടത്തി കണ്ണൂർ, കാസർകോട്, മംഗളുരു ഭാഗങ്ങളിൽ മീൻ എത്തിക്കുന്ന ഇവരുടെ ബോട്ടുകളെല്ലാം ജൂൺ ഒമ്പതിന് മുമ്പ് സ്ഥലം കാലിയാക്കേണ്ടിവരും.
നാട്ടിലേക്ക് പോകുന്നില്ലെങ്കിൽ ഇവരുടെ ബോട്ടുകളെല്ലാം തുറമുഖങ്ങളിൽ അടുപ്പിക്കേണ്ടിവരും. ചെറുവത്തൂർ തുറമുഖത്ത് മാത്രം 65 ഓളം ബോട്ടുകളുണ്ട്. ജില്ലയിൽ ചെറുവത്തൂർ, തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മീൻപിടുത്ത ബോട്ടുകളുള്ളത്. ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കൊവിഡ് കാരണം അടച്ചുപൂട്ടിയതോടെ നാളുകളായി മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലമാണ്. കടലിൽ നിന്നുള്ള മീനിന്റെ ലഭ്യത കുറഞ്ഞതും ദുരിതം അകറ്റുന്നതിനുള്ള നടപടികൾക്ക് തിരിച്ചടിയായി. ചുഴലിക്കാറ്റ് സൃഷ്‌ടിച്ച കടലിലെ പ്രക്ഷുബ്ധാവസ്ഥ കാരണം ഇഷ്ടംപോലെ മീൻ കിട്ടുന്ന അവസ്ഥ ഉണ്ടാക്കിയെങ്കിലും നിയന്ത്രണം കാരണം മീൻ പിടിക്കുന്ന തൊഴിലാളികൾക്ക് കടലിൽ പോകാനോ മത്സ്യബന്ധനം നടത്തുന്നതിനോ കഴിഞ്ഞില്ല. യന്ത്രവത്കൃത ബോട്ടുകളിൽ കടലിൽ പോയി ഇഷ്ടം പോലെ മീൻ കൊണ്ടുവരുന്നത് നിലച്ചതോടെ ഇവരെ ആശ്രയിച്ച് ജില്ലയിൽ മത്സ്യം വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കാര്യമാണ് അതിലേറെ കഷ്ടമായത്. നാളുകളായി മീൻപിടുത്ത ബോട്ടുകളിൽ ഭൂരിഭാഗവും കരയിൽ കട്ടപുറത്താണ്. ചുരുക്കം ചില ബോട്ടുകൾ മാത്രമാണ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കടലിൽ പോകുന്നത്. കടലിൽ പോകുന്നവർക്ക് കൃത്യമായി ഹാർബറുകളിൽ അടുപ്പിക്കാനോ മീൻ വിൽക്കാനോ കഴിയുന്നില്ല. ഫിഷറീസ് വകുപ്പും പൊലീസും പറയുന്നത് പ്രകാരം തുച്ഛമായ സമയം കൊണ്ട് കടലിൽ പോയി മീൻ പിടിക്കാനോ മീൻ വിൽക്കാനോ കഴിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിയന്ത്രണം മൂലം മീൻ വാങ്ങാൻ ആളുകൾക്ക് ഹാർബറിൽ എത്തുന്നതിന് സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ബൈറ്റ്
കടലിൽ പോയി മീൻ പിടിച്ചുകൊണ്ടുവന്നാൽ ബോട്ടിന് അടിച്ച ഡീസലിന്റെ പൈസ പോലും കിട്ടുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നമുക്ക് ദ്രോഹമാവുകയാണ്. ട്രോളിംഗ് നിരോധനം വന്നാൽ മുമ്പ് സർക്കാർ സൗജന്യ അരി തന്നിരുന്നു .ഇപ്പോൾ അതും കിട്ടാറില്ല .
ഗോകുൽദാസ്
( മീൻ പിടുത്ത ബോട്ട് തൊഴിലാളി, കാടങ്കോട് )