കാസർകോട്: ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കൊവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. രോഗബാധിതരുടെ സംഖ്യ കുറയ്ക്കുന്നതിന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയുള്ള മാഷ് പദ്ധതി പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അദ്ധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ചേർന്ന് നടത്തിയ കൂട്ടായ യജ്ഞത്തിലൂടെ ജൂൺ രണ്ട് ആയപ്പോഴേയ്ക്കും ജില്ലയിലെ 50 വാർഡുകൾ സീറോ കൊവിഡ് വാർഡുകളായി മാറി. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ചെയർമാനായ ജില്ലാതല ഐ.ഇ.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായാണ് മാഷ് പദ്ധതി പുരോഗമിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓഡിനേറ്റർ പി. ദിലീപ് കുമാർ, മാഷ് കോ ഓർഡിനേറ്റർ വിദ്യ, ഡി.ഡി.ഇ കെ.വി പുഷ്പ തുടങ്ങിയവർ പദ്ധതി ഏകോപിപ്പിക്കുന്നു. ജില്ലയിലെ 777 വാർഡുകളിലും മാഷ് പ്രവർത്തകർ കർമ്മനിരതരാണ്. ജില്ലയിൽ ആകെ 3169 അദ്ധ്യാപകരാണ് മാഷ് പദ്ധതിയുടെ ഭാഗമായുള്ളത്. ഓരോ വാർഡിന്റേയും ചുമതല അഞ്ച് അദ്ധ്യാപകർക്ക് വീതമാണ്. ആദ്യ ഘട്ടത്തിൽ റേഡിയോ, ടി.വി, വാഹന പ്രചരണം തുടങ്ങി വവിധങ്ങളായ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ കൊവിഡ് രോഗത്തെക്കുറിച്ച് ബോധവാൻമാരാക്കാനും അതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പകർന്നു നൽകാനും സാധിച്ചു.
മടിക്കൈ പഞ്ചായത്ത് കാവലാൾ എന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രവർത്തനത്തിലൂടെ കൂടുതൽ ഫലവത്തായി പ്രവർത്തനം സാദ്ധ്യമാകും. വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് ഹെൽപ്പ് ഡസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. വൈദ്യ സഹായം ആവശ്യമുള്ള ആളുകളെ സി.എഫ്.എൽ.ടി.സികളിലും മറ്റും എത്തിക്കുന്നതിനും അവശ്യ ഘട്ടങ്ങളിൽ കൊവിഡ് പോസിറ്റീവായതോ, ക്വാറന്റൈനിൽ ഇരിക്കുന്നതോ ആയ ആളുകൾക്ക് ഭക്ഷണ സാമഗ്രികൾ എത്തിച്ചു നൽകുന്നതിനും മാഷ് പ്രവർത്തകർ മുന്നിലുണ്ട്.
തങ്ങളുടെ വാർഡിലെ പോസിറ്റീവ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ പഞ്ചായത്ത് കോ-ഓർഡിനേറ്റർമാർക്ക് വാർഡിലെ രണ്ടാഴ്ചയിലെ കൊവിഡ് പോസിറ്റീവ് ഗ്രാഫ് തയ്യാറാക്കാനും വാർഡുകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും സാധിക്കുന്നുണ്ട്.
പി. ദിലീപ് കുമാർ, മാഷ് പദ്ധതി കോ-ഓർഡിനേറ്റർ