തളിപ്പറമ്പ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാത്താതെയും നഗരസഭ ഭരണ നേതൃത്വം ഗുരുതരമായ അലംഭാവം കാണിക്കുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. സന്തോഷ്. ദൈനംദിന നഗര ശുചീകരണം നിലച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കമ്മിറ്റി ചെയർമാനുൾപ്പെടെ ശ്രമിക്കുന്നില്ല. വാർഡ്തല ശുചീകരണത്തിന് പ്രാരംഭ പ്രവർത്തനം നടത്തിയില്ല.

കൊവിഡ് സംബന്ധിച്ച ദൈനംദിന റിപ്പോർട്ട് നൽകുന്നതിനോ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതിനോ ഇടപെടുന്നില്ല. കൊവിഡിനോടൊപ്പം നഗരസഭയിൽ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടർന്ന് പിടിക്കുന്നതിനുള്ള സാദ്ധ്യത മുന്നിൽ കണ്ട് എൽ.ഡി.എഫ് കൗൺസിലർമാരും പൊതുപ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കുന്നില്ല. ശുചീകരണ പ്രവർത്തനങ്ങളിൽ സർക്കാർ അനുവദിച്ച ഫണ്ട് വാർഡുകളിൽ വിതരണം ചെയ്യാനുള്ള ശ്രമം നടക്കുന്നില്ല.

സാമൂഹ അടുക്കള ഫലപ്രദമായി നടത്തുന്നതിൽ തികഞ്ഞ അനാസ്ഥയാണ്. നഗരത്തിൽ പലഭാഗത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. നഗര ഭരണാധികാരികളുടെ ഇത്തരം ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ജൂൺ 4, 5 ,6 തീയതികളിൽ നടക്കുന്ന സമ്പൂർണ്ണ ശുചീകരണ പ്രവർത്തനത്തിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും കെ. സന്തോഷ് ആവശ്യപ്പെട്ടു.