മാഹി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും തലശ്ശേരി- മാഹി ബൈപ്പാസ് നിർമ്മാണം പൂർത്തിയാവാത്തത് മാഹി പുഴയോരവാസികളെ ഭീതിയിലാഴ്ത്തുന്നു. ബൈപ്പാസിനായി മാഹി പുഴയ്ക്ക് കുറുകെ പാലം പണിയുന്നതിനായി പുഴ നികത്തി നിർമ്മിച്ച ബണ്ടുകൾ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതാണ്. ഇതാണ് പുഴയോരങ്ങളിലും പുഴയിലെത്തുന്ന നീർച്ചാലുകൾക്കു സമീപമായി താമസിക്കുന്ന കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഭീതിയിലാക്കുന്നത്.
176 മീറ്റർ വീതിയുള്ള പുഴയിൽ 126 മീറ്റർ നികത്തി താത്കാലികറോഡും നിർമ്മിച്ചിട്ടുണ്ട്. 42 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമായി ഇരുമ്പു പാലവും എട്ടര മീറ്റർ വീതിയിൽ മറ്റൊരു ഇരുമ്പുപാലവും നിർമ്മിച്ചിട്ടുണ്ട്. പുഴയിൽ 50 മീറ്റർ ഒഴിവുള്ളിടത്ത് കൂടിമാത്രമാണ് ഇപ്പോൾ നീരൊഴുക്കുള്ളത്. മഴ ശക്തമായാൽ തന്നെ പുഴയിലെ വെള്ളം ഇതിലൂടെ ഒഴുകി തീരില്ല.
മുൻ വർഷങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തിൽ ഇക്കുറി മഴയ്ക്ക് മുമ്പ് തന്നെ പുഴയിലെ ബണ്ടുകളും പുഴയുടെ ഒഴുക്കിന് തടസമാകുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർണമായും നീക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും, കരാറുകാർ തയാറായിട്ടില്ല. ബണ്ടുകൾ പൂർണമായും പൊളിക്കണമെന്നായിരുന്നു കളക്ടറും കെ.കെ രമ എം.എൽ.എയും നിർദ്ദേശിച്ചതെങ്കിലും, കരാറുകാർ ബണ്ടിന്റെ മേൽഭാഗത്തെ മണ്ണ് നീക്കുക മാത്രമാണ് ചെയ്തത്. ഇതുകൊണ്ടു മാത്രം മഴക്കാലത്ത് പുഴയിലെത്തിച്ചേരുന്ന വെള്ളം കടലിലേക്ക് ഒഴുകി പോകില്ല.
കഴിഞ്ഞ രണ്ടു വർഷവും ബണ്ടുകൾ നീക്കം ചെയ്യാത്തതിനാൽ പുഴയുടെ ഒഴുക്ക് തടസപ്പെട്ടിരുന്നു.
പുഴവെള്ളം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിൽ വെള്ളം കയറുകയും, നിരവധി വീടുകൾക്ക് നാശം നേരിടുകയും ചെയ്തിരുന്നു.
ബണ്ടുകൾ മഴ ശക്തമാകുന്നതിന് മുമ്പ് പൊളിച്ചു നീക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ബാബുരാജ്, വൈസ് പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, എന്നിവർ ആവശ്യപ്പെട്ടു.
കാലവർഷത്തിനിടെ കുറ്റിയാടി ഡാം കൂടി തുറന്നാൽ കുറ്റിയാടി മുതൽ അഴിയൂർ വരെയുള്ള കോഴിക്കോട് ജില്ലയിൽപ്പെട്ട ഭാഗങ്ങളും കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ, കരിയാട്, ഒളവിലം, ന്യൂമാഹി എന്നിവിടങ്ങളിലെ പുഴയോരങ്ങളിൽ നിന്നുള്ള ഒന്നര കിലോ മീറ്റർ വരെ അകലമുള്ള വീടുകളും വരെ വെള്ളത്തിലാവും. ഇക്കഴിഞ്ഞ ദിവസം മഴയിൽ പുഴയിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് പുഴയോരങ്ങളിൽ വെള്ളം കയറിയുന്നു.