kannur

കണ്ണൂർ: സംസ്ഥാന ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ മുഖ്യമന്ത്രിയുടെയും തദ്ദേശമന്ത്രിയുടെയും നാടായ കണ്ണൂരിന് വലിയ പ്രതീക്ഷ. കഴിഞ്ഞ ബഡ്ജറ്റിൽ തുക വകയിരുത്തിയ പദ്ധതികളിൽ പലതും ശൈശവ ഘട്ടം പോലും പിന്നിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇവയുടെ പൂർത്തീകരണത്തിന് സഹായകരമായ നടപടികളുടെ പ്രഖ്യാപനം കാത്തുനിൽക്കുകയാണ് കണ്ണൂർ.

അഴീക്കൽ ഹാർബർ

അഴീക്കൽ ഹാർബറിന് 3698 കോടി അനുവദിച്ചതാണ് ജില്ലയ്ക്ക് കിട്ടിയ പ്രധാന നേട്ടങ്ങളിലൊന്ന്. എന്നാൽ, ഇതിന്റെ നാലിലൊന്ന്​ തുക പോലും വിനിയോഗിച്ചിട്ടില്ല എന്നതാണ്​ യാഥാർത്ഥ്യം. മലബാർ മേഖലയുടെ മൊത്തം വികസനത്തിന്​ ഇടനൽകുന്ന അഴീക്കൽ തുറമുഖം വികസനത്തിന്​ കുതിപ്പേകുന്ന പദ്ധതികൾ ഇക്കുറിയും പ്രഖ്യാപിക്കുമെന്ന ​പ്രതീക്ഷയും തീരദേശം പങ്കുവയ്ക്കുന്നു.

തലശേരി- മൈസൂരു റെയിൽവേ

ഉത്തര മലബാറിന്റെ സ്വപ്‌നപദ്ധതിയായ തലശേരി - മൈസൂരു റെയിൽവേ ലൈൻ നിർമ്മാണം സംബന്ധിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ടായേക്കുമെന്നും കണക്കുകൂട്ടുന്നുണ്ട്.

വ്യവസായ പാർക്ക്

കണ്ണൂർ വ്യവസായ പാർക്കിന്​ കഴിഞ്ഞ ബഡ്ജറ്റിൽ മൂന്ന്​ കോടിയാണ്​ വകയിരുത്തിയത്​. സാ​ങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞവർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും സർക്കാർ, അ‌ർദ്ധ സർക്കാർ പൊതുമേഖല

സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുകയും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം.

കൈത്തറി ഗ്രാമം

കാഞ്ഞിരോട് നെയ്ത്ത് സംഘത്തോടനുബന്ധിച്ച് ഒരു സമഗ്ര കൈത്തറി ഗ്രാമത്തിന്​ കഴിഞ്ഞ ബഡ്ജറ്റിൽ മൂന്നരക്കോടിയാണ്​ വകയിരുത്തിയത്​. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങളുടെ ഉത്പാദനവും പ്രദർശനവും വിപണനവും ലക്ഷ്യമാക്കുക വഴി ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.

ആയുർവേദ ഗവേഷണ കേന്ദ്രം

കണ്ണൂരിലെ ആയുർവേദാശുപത്രി ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ തുക അനുവദിക്കേണ്ടിയിരിക്കുന്നു. കിഫ്ബി സഹായത്തോടെ ഗവേഷണ കേന്ദ്രം നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വ്യവസായ ഇടനാഴി

കൊച്ചി -മംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിനടുത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ട പ്രവൃത്തിയും യാഥാർത്ഥ്യമാകാൻ തുക വകയിരുത്തേണ്ടതാണ്.

മലയോര ഹൈവേ

മലയോര ഹൈവേയുടെ 12 റീച്ചുകൾ അടുത്ത വർഷത്തോടെ പൂർത്തിയാക്കാൻ ഇനിയും തുക വകയിരുത്തുമെന്നാണ് കണ്ണൂരിന്റെ പ്രതീക്ഷ. മാഹിക്കും വളപട്ടണത്തിനും ഇടക്കുള്ള 26 കി.മീ കനാലുകളുടെ പ്രവൃത്തിക്കും ബഡ്ജറ്റിൽ പദ്ധതികളുണ്ടാകണം.