photo
വയലിൽ കാളകളെ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ഷാജി

പഴയങ്ങാടി: ട്രാക്ടറുകൾ അടക്കിവാഴുന്ന വയലുകളിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യത്തെ മുറുകെപിടിച്ചൊരു കർഷകൻ. കാളപൂട്ടിനെ കൈവിടാതെ മാടായി വെങ്ങരയിലെ ക്ഷീരകർഷകനായ കെ. ഷാജിയാണ് 35 വർഷമായി ഈ മേഖലയിൽ സജീവമായുള്ളത്. നാട്ടിൻ പുറങ്ങളിൽ അപൂർവ്വ കാഴ്ചയാണ് ഇവിടെ കാണാനാവുന്നത്.

വെങ്ങരയിലെ കാർഷിക കുടുംബത്തിലെ അംഗമാണ് ഷാജി.10 പശുക്കളുളള ഫാമും നടത്തി വരുന്നുണ്ട്. കർ ണാടകയിൽ ചിന്നക്കട്ടെ കാളച്ചന്തയിൽ നിന്നാണ് വർഷങ്ങളായി കാളകളെ കൊണ്ടുവരാറുള്ളത്. ആദ്യകാലങ്ങളിൽ കർണാടകയിൽ നിന്ന് കാൽനടയായിട്ടാണ് കാളകളെ കൊണ്ടുവരാറുള്ളതെന്നും ഷാജി പറയുന്നു.

ഇത്തവണ മഴ നേരത്തെ എത്തിയത് കാരണം കാളപൂട്ടൽ നേരത്തെ തന്നെ ആരംഭിച്ചു. വെള്ളക്കെട്ട് കാരണം പറമ്പുകളിലും മറ്റും ഞാറ്റടികൾ തയാറാക്കി കരനെൽ കർഷകർ കൃഷിയിറക്കാൻ നിൽക്കുകയാണ്. കാർഷിക രംഗത്ത് ഇന്ന് യന്ത്രങ്ങളുടെ സഹായം ഉണ്ടെങ്കിലും അതൊന്നും സ്വീകരിക്കാതെ നാടൻ ശൈലിയിൽ നെൽകൃഷി നടത്തി വിളവെടുക്കുകയാണ് ഈ യുവ കർഷകൻ.