കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് പുഞ്ചിരി സീറോ ടി.പി.ആർ കർമ്മ പദ്ധതിയുടെ ഭാഗമായി മുതിർന്നവരുടെയും കൗമാരക്കാരുടെയും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. കൊവിഡ 19 പ്രതിരോധപ്രവർത്തനങ്ങൾ കർശനമായി നടപ്പിലാക്കിയ ജില്ലയിലെ പഞ്ചായത്തുകളിൽ ഒന്നാണ് അജാനൂർ.
ലോക്ക് ഡൗൺ ആളുകളിൽ കടുത്ത മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായി മനസ്സിലാക്കിയ സാഹചര്യത്തിലാണ് പഞ്ചായത്ത് ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകളുമായി മുന്നിട്ടിറങ്ങിയത്. മുതിർന്നവർക്കും കൗമാരക്കാർക്കും വേണ്ടി വെവ്വേറെ കൗൺസിലർമാരെ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിമൽജ്യോതി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കൗൺസിലർ ജോസ് തോമസ് ആണ് മുതിർന്നവർക്കായി കൗൺസിലിംഗ് നൽകുന്നത്. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിനായി ജിഷ്മ എസ്.കെ , സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.