തളിപ്പറമ്പ്: നഗരസഭ യുവജന സംഘടനകളുടെ സഹകരണത്തോടെ നാടും നഗരവും ശുചീകരിക്കാനൊരുങ്ങുന്നു. 'കൊവിഡിനൊപ്പം പകർച്ചവ്യാധികളെയും പ്രതിരോധിക്കാം' എന്ന മുദ്രാവാക്യം നടപ്പിലാക്കാൻ 5, 6 തീയതികളിൽ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിൽ മുസ്ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യുവ മോർച്ച തുടങ്ങിയ യുവജന സന്നദ്ധ സംഘടന വിഭാഗവും രംഗത്തിറങ്ങും.

പരിസര ശുചീകരണത്തിന് നാമോരോരുത്തരും സ്വയം സമർപ്പിക്കണമെന്ന് നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ആവശ്യപ്പെട്ടു. നഗരസഭ സെക്രട്ടറി ടി. മധു,​ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നബീസ ബീവി.കെ, സംഘടനകളെ പ്രതിനിധീകരിച്ച് ഉസ്മാൻ കൊമ്മച്ചി, ഗോകുൽ. പി, പ്രണവ്.കെ, വരുൺ സി.വി, അനീഷ് കുമാർ. കെ, അക്ഷയ്.കെ.കെ, അനസ് അഹമദ് തുടങ്ങിയവർ പങ്കെടുത്തു.