കണ്ണൂർ: ലോക്ക് ഡൗണിനിടയിലും കൊഴുക്കുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ കടുത്ത പ്രതിഷേധമുയർത്തി വ്യാപാരികൾ. കൊവിഡ് വ്യാപനം മൂലം എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുമ്പോൾ ഓൺലൈൻ കമ്പനികൾ സാധനങ്ങൾ തകൃതിയായി വില്പന നടത്തുന്നത് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ഇവർ പറയുന്നത്. സാധാരണക്കാരായ വ്യാപാരികളുടെ ഈ ചോദ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ ബാക്കിയുള്ളവ തുറക്കാൻ അനുവദിക്കാത്തത്
വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം നല്കിയ ഇളവുകൾ പോലും സർക്കാർ പിൻവലിച്ചിരിക്കുകയാണ്. ഓൺലൈൻ ഡെലിവറിയിലൂടെ ആവശ്യ സാധനങ്ങളല്ലാതെ മറ്റ് ആഡംബര വസ്തുക്കളുൾപ്പെടെ വില്പന നടത്തുന്നുണ്ടെന്നാണ് വ്യാപാരികളുടെ പരാതി. വ്യാപാരികൾ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് കച്ചവടം ചെയ്യുന്നത്. എന്നാൽ ഓൺലൈൻ വ്യാപാരം വീടുകളിൽ കയറിയിറങ്ങിയാണ് നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ഹോം ഡെലിവറി നടത്തുന്നതെന്ന് ഓൺലൈൻ വ്യാപാരികൾ പറയുന്നു. നേരത്തെ ഓഡർ ചെയ്ത സാധനങ്ങളാണ് ഇപ്പോൾ ഡെലിവറി നടത്തുന്നത്. ഇപ്പോൾ വളരെ കുറച്ച് ഓഡറുകൾ മാത്രമേ വരുന്നുള്ളു. അത് അധികവും അത്യാവശ്യ സാധനങ്ങളാണെന്നും ഓൺലൈൻ വ്യാപാരികൾ വ്യക്തമാക്കി.


നിയന്ത്രണമില്ലാത്ത ഓൺലൈൻ വ്യാപരത്തിനെതിരെ മുഖ്യമന്ത്രിക്കും മന്ത്രി എം.വി ഗോവിന്ദൻ, റൂറൽ എസ്.പി നവനീത് ശർമ്മ, തളിപ്പറമ്പ് ഡിവൈ.എസ്.പി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി വേണ്ട വിധം പരിഗണിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. അവശ്യസാധനങ്ങളല്ലാതെ മറ്റ് സാധനങ്ങൾ ഡെലിവറി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ അതാത് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നൽകിയിട്ടുണ്ട്.

വ്യാപാരി വ്യവസായി ഏകോപന സമിതി