കാസർകോട്: ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി(21)യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത മാറുന്നു. യുവതി വീട് വിട്ടുപോയതിന് പിന്നിൽ ലൗ ജിഹാദ് ഇല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. യുവതിയെ കാണാതായതിന് പിന്നിൽ മറ്റു ദുരൂഹതകളൊന്നും ഇല്ലെന്നും ഉറപ്പിക്കുകയാണ് പൊലീസ്. തെലുങ്കാന രംഗറെഡ്ഢി ജില്ലയിലെ നർസിങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ.വൈ.ഒ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു വന്നിരുന്ന അഞ്ജലിയെ കേസ് അന്വേഷിച്ച അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു ഇന്നലെ രാവിലെ ഏഴരയോടെയാണ് അമ്പലത്തറയിൽ എത്തിച്ചത്.
അഞ്ജലിയുടെ മൊഴിയെടുത്ത ശേഷം വൈകീട്ട് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്ത ഇഷ്ടപ്രകാരം രക്ഷിതാക്കളുടെ കൂടെ പോയി. ഏപ്രിൽ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കാസർകോട് ബസിൽ കയറി പൊയിനാച്ചിയിൽ ഇറങ്ങിയ യുവതിയെ പിന്നീട് കണ്ടിരുന്നില്ല. ഇതിനിടെ മതം മാറ്റുന്നതിനായി പെർളടുക്കം, കല്ലളി, മുനമ്പം, മുണ്ടക്കൈ എന്നിവിടങ്ങളിൽ യുവതിയെ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പ്രചാരണം ഉണ്ടായി. എന്നാൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തി ഉച്ചയ്ക്കുള്ള ചെന്നൈ മെയിലിൽ പ്രിയ എന്ന പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തു ചെന്നൈയിലേക്ക് പോവുകയാണ് ചെയ്തത്. സ്വന്തം മൊബൈൽ നമ്പർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയതിനാൽ സൈബർ സെല്ലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാൻ കഴിഞ്ഞു. 21ന് രാവിലെ ചെന്നൈയിൽ എത്തി മൊബൈൽ ഫോൺ വിൽപ്പന നടത്തി. അവിടെ നിന്ന് കച്ചിഗുഡ എക്സ്പ്രസിൽ ബംഗളൂരുവിലേക്കും പിറ്റേന്ന് ബസിൽ മുംബൈയിലും യുവതി എത്തി. മുംബൈയിൽ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസിലാണ് അഞ്ജലി ഹൈദരാബാദിൽ എത്തിയത്.1200 രൂപ വാടക നൽകിയാണ് യുവതി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്.
ഇക്കയുടെ പേരിൽ കത്തെഴുതിവച്ചത് വീട്ടുകാരെയും പൊലീസിനെയും കളിപ്പിക്കാൻ ആയിരുന്നു എന്നാണ് യുവതിയുടെ മൊഴി. 'വിവാഹ ജീവിതത്തിൽ താത്പര്യമില്ല. അതിനാൽ സ്വയം തീരുമാനിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പ്രണയ കഥ എഴുതിയാൽ കുറച്ചു കളിക്കുമല്ലോ.. വേണമെങ്കിൽ വീട്ടുകാർ അന്വേഷിച്ചു കണ്ടെത്തിക്കോട്ടെ എന്ന് കരുതി തന്നെയാണ് പോയത്..' എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അഞ്ജലിയെ നാട്ടിൽ എത്തിച്ചത് അറിഞ്ഞു അച്ഛനും അമ്മയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അതിനിടെ പിതാവ് എ. ശ്രീധരന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വാഴവളപ്പിൽ എസ്.ഐ. മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുവതി പോയ വഴികൾ പിന്തുടർന്നു. ആന്ധ്ര, തെലുങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പൊലീസിന് അഭിമാനിക്കാം
44 ദിവസത്തിന് ശേഷം അഞ്ജലിയെ കണ്ടെത്താൻ കഴിഞ്ഞതിൽ അമ്പലത്തറ പൊലീസിന് അഭിമാനിക്കാം. ഒരു വിഭാഗം ലൗ ജിഹാദ് എന്ന് ആരോപണം ഉയർത്തിയതോടെ അന്വേഷണ സംഘം ഏറെ സമ്മർദ്ദത്തിൽ ആയിരുന്നു. യുവതിയുടെ റൂട്ട് മനസിലാക്കി യഥാസമയം ലുക്ക് ഔട്ട് നോട്ടീസ് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ മലയാളി സമാജം പ്രവർത്തകർക്ക് അയച്ചുകൊടുത്തത് കണ്ടെത്തൽ എളുപ്പമാക്കി. ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിലിനൊപ്പം എസ്.ഐ. മധുസൂദനൻ മടിക്കൈ, വനിതാ സി.പി.ഒ രതി, എസ്.സി.പി.ഒ ബാബു എന്നിവരാണ് അഞ്ജലിയെ കൊണ്ടുവരാൻ മണികൊണ്ടയിലേക്ക് പോയത്.
ബൈറ്റ്
ഒന്നര മാസത്തോളം ബന്ധുക്കളെയും പൊലീസിനെയും വട്ടംകറക്കിയ തിരോധാന കേസിൽ പൊലീസ് കഠിനാധ്വാനം ചെയ്താണ് അഞ്ജലിയെ കണ്ടെത്തിയതും വിവാദങ്ങളുടെ മുനയൊടിക്കാനും കഴിഞ്ഞത്. യുവതിയെ കണ്ടെത്തിയെങ്കിലും ഈ സംഭവത്തെ കുറിച്ച് വിശദമായ തുടരന്വേഷണം തന്നെ പൊലീസ് നടത്തും. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോൾ രേഖകളും വിശദമായി പരശോധിക്കും.
കെ.എം. ബിജു (ബേക്കൽ ഡിവൈ.എസ്.പി)