abdullakkutty

കണ്ണൂർ:കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ വിജിലൻസ് സംഘം മുൻ കണ്ണൂർ എം.എൽ.എയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു. ഇന്നലെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് ഡിവൈ. എസ്.പി ബാബു പെരിങ്ങേത്തിന്റെ സംഘം മൊഴിയെടുത്തത്.

2016ൽ കണ്ണൂർ എം.എൽ.എ ആയിരുന്നപ്പോഴാണ് കണ്ണൂർ കോട്ട നവീകരണത്തിന്റെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടപ്പാക്കിയത്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം ചെയ്‌തെന്നുമാണ് ആരോപണം.യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചാണ് പദ്ധതി കൊണ്ടുവന്നത്. ഉപകരണങ്ങളും മറ്റും വാങ്ങാൻ ഒരുകോടി ചെലവാക്കിയിരുന്നു. 2018ൽ ഒരു ദിവസത്തെ ഷോ മാത്രമാണ് നടത്തിയത്. പദ്ധതിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡി.ടി.പി.സിയിൽ പരിശോധന നടത്തിയ വിജിലൻസ് ബന്ധപ്പെട്ട ഫയൽ പിടിച്ചെടുത്തിരുന്നു.

2011​-16ൽ കണ്ണൂർ എം.എൽ.എയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയും ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ പ്രസിഡന്റാവുകയും ചെയ്തു.

അഴിമതി പുറത്ത് കൊണ്ടുവരണം എ.പി.അബ്ദുള്ളക്കുട്ടി

എം. എൽ. എ എന്ന നിലയിൽ പദ്ധതി സർക്കാരിന് സമർപ്പിക്കുക മാത്രമാണ് ചെയ്തത്. ടൂറിസം വകുപ്പാണ് മറ്റു കാര്യങ്ങൾ നടത്തിയത്. ബഡ്ജറ്റിൽ വകയിരുത്തിയ ഒരു കോടിക്ക് പുറമെ മൂന്നു കോടി ചെലവാക്കി. ബംഗളുരുവിലെ ഏതോ തട്ടിക്കൂട്ട് കമ്പനിയെയാണ് നടത്തിപ്പ് ഏൽപ്പിച്ചത്.വിശദമായ അന്വേഷണം നടത്തി അഴിമതി പുറത്ത് കൊണ്ടുവരണം.അന്നത്തെ ടൂറിസം മന്ത്രി എ.പി.അനിൽകുമാറിന്റെ പങ്കും അന്വേഷിക്കണമെന്നും അബ്ജുള്ളക്കുട്ടി ആവശ്യപ്പെട്ടു.