തളിപ്പറമ്പ്: രണ്ട് നാഷണൽ പെർമിറ്റ് ലോറികൾ കൂട്ടിയിടിച്ചു, ഒരു ലോറിയുടെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ ചിറവക്ക് ഇറക്കത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിലെത്തിയ സംഘം ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശി മസ്താൻ അലി(48)നെ ഹൈഡ്രോളിക്ക് മെഷീൻ ഉപയോഗിച്ച് വാഹനം പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീഡിംഗ് ഫയർമാർമാരായ സജീലൻ, ഷെറിൽബാബു, ഡ്രൈവർ ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടം നടന്നതോടെ കനത്ത മഴയിൽ ഒരു മണിക്കൂറിലേറെ നേരം ദേശീയപാതയിൽ ഗതാഗതം മുടങ്ങി.