കാസർകോട്: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് കാസർകോട് സ്വദേശികൾ മംഗളൂരുവിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മിൽ, അഹ്മദ് മശൂഖ് എന്നിവരാണ് പിടിയിലായത്. ഹാസനിലാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരെ മംഗളൂരിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

കാറും നാല് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. മുനാഫ് ബി.ബി.എ പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്. മുസമ്മിൽ ബെംഗളൂരിൽ ഹോട്ടലിലും മശൂഖ് സ്‌പോർട്സ് കടയിലും ജോലി ചെയ്യുകയായിരുന്നു. മംഗളൂരു, കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ ഒരു ആഫ്രിക്കൻ സ്വദേശിയിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും പൊലീസ് അറിയിച്ചു.