കണ്ണൂർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയിൽ ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പരിപാലിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാമിഷൻ ആഹ്വാനം ചെയ്ത ദശദിന ക്യാമ്പയിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ വളപട്ടണം പാലത്തിനടുത്ത് തൈകൾ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു.
2019 ൽ കൽപ്പശ്രീ എന്നപ്പേരിൽ 32000 തെങ്ങിൻ തൈകളും, 2020 ൽ ഒരു കോടി വൃക്ഷതൈകൾ അതിൽ എന്റെ ഒരു പ്ലാവും ക്യാമ്പയിനിന്റെ ഭാഗമായി ഒരു ലക്ഷത്തി ഇരുപതിനായിരം പ്ലാവിൻ തൈകളും നട്ട് പരിപാലിച്ചതിൽ നിന്നും ഊർജമുൾക്കൊണ്ടാണ് ഇത്തവണ 'ഒരു മാവ് ഒരായിരം മാങ്ങ ' എന്ന പേരിൽ ഒരു ലക്ഷം മാവിൻ തൈകൾ നടാൻ തീരുമാനിച്ചത്. ജില്ലയിലെ ഓരോ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ചുരുങ്ങിയത് 10 വീതം മാവിൻ തൈകൾ നട്ട് പരിപാലിക്കും.
കണ്ണൂരിലും സമീപ ജില്ലകളിലും കണ്ടുവരുന്നതും അന്യംനിന്ന് പോകുന്നതുമായ നാടൻ മാവിനങ്ങൾ കണ്ടെത്തി നട്ട് പരിപാലിക്കുക എന്നതാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനത്തിൽ പാലക്കാട് ജില്ലയിലെ മാത്തൂർ പ്രദേശത്തിന്റെ തനത് ഇനമായ മാത്തൂർ മാവ്, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കുടലകുത്തി, വടക്കൻ മധുര, കടുക്കാച്ചി എന്നി പ്രത്യേകതരം ഇനങ്ങളും നീലം, ബംഗനപ്പള്ളി, നാസി പസന്ത് തുടങ്ങിയ ഇനങ്ങളുമാണ് നട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം. സുർജിത്ത്, പ്രദീപ് കുമാർ, ബേബി സജിന, അജിത. പി.വി , പി.പ്രസന്ന, കെ. പവിത്രൻ , എം.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനം
ഇന്ന് മുതൽ 15 വരെയുള്ള 10 ദിവസം നീണ്ടുനിൽക്കുന്ന മാവ് നടീൽ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന കുടുംബശ്രീ സി.ഡി.എസുകൾ, എ.ഡി.എസുകൾ, അയൽക്കൂട്ടങ്ങൾ എന്നിവയെ തിരഞ്ഞെടുത്ത് പ്രത്യേക അനുമോദനവും ഏർപ്പെടുത്തിയിട്ടുണ്ട്.