kavunji-haji-
അന്നദാനം മഹാദാനം ..കാവുഞ്ഞി ഹാജിയും കുടുംബവും ഭക്ഷണം വിതരണം ചെയ്യുന്നു

കാസർകോട്: ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതൽ ചെറുവത്തൂരിൽ എല്ലാദിവസവും ഉച്ചനേരത്ത് വെള്ള നിറത്തിലുള്ള ഒരു കാർ വന്നുനിൽക്കാറുണ്ട്. കാറിൽ നിന്ന് വെള്ള വസ്ത്രവും തൊപ്പിയും വച്ച ഒരു മനുഷ്യൻ ഇറങ്ങും. കൂടെയുള്ള കുടുംബാംഗങ്ങളുമായി ചേർന്ന് ഡിക്കി തുറന്ന് അതിൽ സൂക്ഷിച്ച പൊതികൾ വിശക്കുന്ന കുറെ മനുഷ്യരുടെ കൈയിലേക്ക് വച്ചുകൊടുക്കും. ടി.കെ.അബ്ദുൾഖാദർ ഹാജി എന്ന കാവുഞ്ഞിഹാജിയാണ് ചെറുവത്തൂരിലെ നാല് ആശുപത്രികളിലെ കിടപ്പുരോഗികൾക്കും തെരുവുകളിൽ കഴിയുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ലോക്ക് ഡൗണിൽ മുടങ്ങാതെ ഭക്ഷണവുമായെത്തുന്നത്.

വെറും ചോറും കറിയുമല്ല,​ കോഴിയിറച്ചിയടക്കം വിഭവസമൃദ്ധമാണ് ഹാജിയുടെ പൊതിച്ചോറ്. 30 കിലോ ഇറച്ചിയും 25 കിലോ അരിയും ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇടവിട്ട ദിവസങ്ങളിൽ ബിരിയാണി, ചിലപ്പോൾ ഊണും പരിപ്പ് കറിയും അച്ചാറും കുടിവെള്ളവും പൊതിച്ചോറിന്റെ ഭാഗമാകും.

ഭാര്യ സാജിദ, മക്കളായ ആയിഷ, ശംസുദ്ദീൻ, അമീന, സഹോദര പുത്രരായ സഫ് വാൻ, അംദാൻ എന്നിവരാണ് പൊതിച്ചോറ് ഒരുക്കുന്നത്.രാവിലെ ആറുമുതൽ തുടങ്ങും പാചകം. 12 മണിയോടെ കുടുംബാംഗങ്ങൾ ചേർന്ന് പാക്ക് ചെയ്യും. ടൗണിലെ നാലു സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടപ്പുരോഗികൾക്ക് ആദ്യം ഭക്ഷണം എത്തിക്കും. ശേഷം ബസ് സ്റ്റാൻഡിലെത്തും. അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള നിരവധി പേർ ഈ സമയം കാവുഞ്ഞി ഹാജിയെ കാത്തിരുപ്പുണ്ടാകും. ജാതിയോ മതമോ സമ്പന്നനോ പാവപെട്ടവനോ എന്നൊന്നും നോക്കാതെ ഈ സമയത്ത് ആരെത്തിയാലും ഭക്ഷണം ഉറപ്പാണ്.

ലോക്ക് ഡൗണിന്റെ തുടക്കത്തിൽ പണമുണ്ടായിട്ടും ടൗണിൽ ഭക്ഷണത്തിന് വേണ്ടി അലയുന്നവരുടെ ദുരിതം നേരിട്ടറിഞ്ഞതോടെയാണ് പൊതിച്ചോറ് നൽകാൻ തീരുമാനിച്ചതെന്ന് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഹാജി പറയുന്നു. കഴിഞ്ഞ 41 വർഷമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ടി.കെ .സിക്ക് സാമൂഹ്യ പ്രവർത്തനത്തിന് 2013 ൽ അംബേദ്കർ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. കുടുംബത്തിലെ ദാരിദ്ര്യം നേരിട്ടറിഞ്ഞ ടി.കെ.സി ഗൾഫിലെത്തി ജോലി ചെയ്ത് കിട്ടിയ ആദ്യ ശമ്പളം പാവങ്ങൾക്ക് നൽകിയാണ് ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയത്.

എല്ലാവർഷവും റംസാൻ 27 ന് വീട്ടിലെത്തുന്ന 2000 ത്തോളം പേർക്ക് കിറ്റുകളും നൽകി വരുന്നുണ്ട്.നാല് പതിറ്റാണ്ടായി ദുബായിൽ കച്ചവടം നടത്തുന്ന ടി.കെ.സി.അബ്ദുൾഖാദർ ചെറുവത്തൂരിൽ പാലിയേറ്റീവ് കമ്മിറ്റിയുടെ ചെയർമാനാണ്. നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നുണ്ട്.
പടം ..കാവുഞ്ഞി ഹാജിയും കുടുംബവും ഭക്ഷണം വിതരണം ചെയ്യുന്നു