ബംഗളൂരിലെ കമ്പനികളിലേക്കും അന്വേഷണം
കണ്ണൂർ: കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഒരുക്കുന്നതിൽ ടെൻഡർ നൽകിയതിലും, വിജിലൻസ് ക്രമക്കേട് കണ്ടെത്തിയെന്ന് സൂചന. ഇതോടെ ടെൻഡറിൽ പങ്കെടുത്ത കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനികളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. കൃപ, അവായ, വീരോൺ എന്നീ കമ്പനികളായിരുന്നു ടെൻഡർ നൽകിയത്.
സാധാരണഗതിയിൽ കുറഞ്ഞ തുക കാണിക്കുന്ന കമ്പനിക്കാണ് ടെൻഡർ നൽകാറെങ്കിലും ഇവിടെ കുറഞ്ഞ തുക കാണിച്ച കമ്പനികളെ ഒഴിവാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. വീരോൺ എന്ന കമ്പനിയെ ടെൻഡറിൽ പങ്കെടുക്കുന്ന തുക അടയ്ക്കാത്തതിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് കൃപയും അവായയുമാണ് ടെൻഡറിൽ പങ്കെടുത്തത്. കൃപ എന്ന കമ്പനിയെക്കാൾ കുറഞ്ഞ നിരക്കാണ് അവായ നൽകിയതെങ്കിലും തഴയുകയായിരുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ക്രമക്കേട് സംബന്ധിച്ച പരാതിയെ തുടർന്ന് വിജിലൻസ് സംഘം വെള്ളിയാഴ്ച മുൻ എം.എൽ.എയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടിയിൽ നിന്നു മൊഴിയെടുത്തിരുന്നു.
3.8 കോടി രൂപയായിരുന്നു പദ്ധതിക്കായി ബഡ്ജറ്റിൽ നീക്കിവച്ചത്. ഇതിൽ ഏകദേശം രണ്ട് കോടിക്കടുത്ത് രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയായത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു പദ്ധതിയുടെ മേൽനോട്ട ചുമതല. ഉദ്ഘാടന ദിവസം മാത്രമാണ് ഷോ സംഘടിപ്പിച്ചത്. പിന്നീട് ഒരിക്കൽപ്പോലും ഷോ നടന്നിരുന്നില്ല. വെറും കടലാസ് പദ്ധതിയായ ഇതിലൂടെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആദ്യമേ ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തതും.
ഉപയോഗിച്ചത് ഗുണമേന്മയില്ലാത്ത ഉപകരണങ്ങൾ
കൃപ സ്ഥാപിക്കുന്ന ഉപകരണങ്ങളുടെ ഗുണമേന്മ, നല്ലനിലയിലുള്ള കമ്പനി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടെൻഡർ കൃപയ്ക്ക് നൽകിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ഗുണമേന്മയില്ലാത്ത ഉപകരണങ്ങളാണ് ഉപയോഗപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. 150 ഓളം പേർക്ക് ഇരുന്നു കാണാവുന്ന രീതിയിൽ ഗാലറിയും ഒരുക്കിയിരുന്നു. ഇതെല്ലാം ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇതിനായി സ്ഥാപിച്ച ജനറേറ്ററുകളും ലൈറ്റുകളും ബാറ്ററിയുമെല്ലാം നശിച്ചിരിക്കുകയാണ്. എല്ലാ ദിവസവും രാത്രി ഏഴുമണിക്ക് ഷോ നടത്താനായിരുന്നു തീരുമാനം.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ
പ്രത്യേക മൾട്ടിമീഡിയ സംവിധാനത്തിലൂടെ ലേസർ ലൈറ്റ് ഉപയോഗിച്ച് കണ്ണൂർ കോട്ടയുടെ ചരിത്രത്തിന് ദൃശ്യവിരുന്നൊരുക്കുക എന്നതായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ ഉദ്ദേശിച്ചത്. കണ്ണൂർ കോട്ടയുടെ ചരിത്രം, അറക്കൽ -ചിറക്കൽ രാജവംശം എന്നിവ ഷോയിലൂടെ കാഴ്ചക്കാർക്ക് വിവരിക്കുന്നതായിരുന്നു പദ്ധതി. സിനിമ താരങ്ങളായ മമ്മൂട്ടി, കാവ്യാമാധവൻ എന്നിവരുടെ ശബ്ദത്തിൽ ചരിത്ര വിവരണം ഇതിന്റെ ഭാഗമായി റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു.