കണ്ണൂർ:ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉത്സവത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവിൽ എം. വിജിൻ എം.എൽ.എ നിർവഹിച്ചു.
ജില്ലയിൽ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ ഒറ്റ പച്ചത്തുരുത്തുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. ഏറ്റവും കൂടുതൽ എണ്ണം പച്ചത്തുരുത്തുകൾ വളരുന്നത് കുറുമാത്തൂർ പഞ്ചായത്തിലും. പച്ചത്തുരുത്തൊരുക്കിയതിൽ വിസ്തീർണ്ണത്തിൽ മുന്നിൽ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. ഈ വർഷം ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നത് മയ്യിൽ ഗ്രാമപഞ്ചായത്തിലാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലയിൽ പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി രോഹിണി, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വി രവീന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ സോമശേഖരൻ പങ്കെടുത്തു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരു കോടി ഫല വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. കല്യാശ്ശേരി ബിക്കീരിയൻ പറമ്പ് എം.സി.എഫ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ വൃക്ഷതൈ നട്ടു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിഷ പങ്കെടുത്തു.

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കാഞ്ഞിരങ്ങാട് തളിപ്പറമ്പ് എഡ്യുക്കേഷൻ കോഓപ്പറേറ്റീവ് സൊസൈറ്റി ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിച്ചു. കതിരൂർ പഞ്ചായത്തിൽ ദേവഹരിതം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ നടന്ന പരിപാടിയിൽ കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്, കോളേജ് പ്രിൻസിപ്പൽ ഡോ. സി പി സന്തോഷ് പങ്കെടുത്തു.