കാഞ്ഞങ്ങാട‌്: നഗരസഭയിലുൾപ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിന്റെ പേരിൽ നിർമാണ പ്രവർത്തനം തടസ്സപ്പെട്ട ആയിരക്കണക്കിന‌് ഭൂവുടമകളുടെ പ്രശ‌്നം തീർപ്പാകുന്നു.
ഫോറം അഞ്ചു പ്രകാരമുള്ള നാലായിരം അപേക്ഷകളിൽ മൂവായിരവും തീർപ്പാക്കി. ആയിരം അപേക്ഷകളിൽ തീർപ്പുകൽപിക്കാനുള്ള പരിശോധന നടന്നു കൊണ്ടിരിക്കുന്നു. 2017 ലെ ഫോറം ഒന്ന് അപേക്ഷ പ്രകാരമുള്ള 7000 അപേക്ഷകർ പുതിയ നടപടി പ്രകാരം ഫോറം അഞ്ചിൽ അപേക്ഷ പുതുക്കി നൽകണം. അതോടെ കെട്ടിക്കിടക്കുന്ന മുഴുവൻ അപേക്ഷയിലും തീർപ്പാകും.
സാങ്കേതികമായും നിയമപരമായും സാധൂകരിക്കപ്പെടുന്ന അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചതോടെ വർഷങ്ങളായി കീറാമുട്ടിയായി കിടന്ന ഭൂമിപ്രശ്നത്തിനാണ് പരിഹാരമാകുന്നത്. കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഫീൽഡ‌് വെരിഫിക്കേഷൻ നടത്തിയാണ് ഭൂമി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. അവരുടെ ഭൂമി കരഭൂമിയായി ബി.ടി.ആറിൽ മാറ്റം വരുത്തുന്നതോടെ വീട‌് നിർമിക്കാനും മറ്റുനിർമാണം നടത്താനും കഴിയും.
2017ൽ പ്രാദേശിക നിരീക്ഷണ സമിതിക്കു മുമ്പാകെ വന്ന അപേക്ഷയിൽ തീർപ്പാകുന്നതിന് വന്ന കാലതാമസമാണ് ഡാറ്റാ ബാങ്ക് ഭൂമി പ്രശ്നം സങ്കീർണമാക്കിയത്.
തുടക്കം 2013ൽ
വർഷങ്ങളായി കരഭൂമിയായി ഉപയോഗിക്കുകയും ഉഭയങ്ങൾ ഉണ്ടാക്കുകയും ചെയ‌്ത ഭൂമിയാണ‌് രേഖാപരമായി തണ്ണീർതടങ്ങളുടെയും നെൽവയലുകളുടെയും ഗണത്തിൽപെട്ടത‌്. ഇവിടെ നിർമാണപ്രവർത്തനത്തിന് അനുവാദമില്ല. 2013 ൽ ഹസീനാ താജുദ്ദീൻ ചെയർമാനായിരിക്കെ ഡാറ്റാബാങ്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സർക്കാർ വിജ്ഞാപനം ചെയ്തതു വഴിയാണ് നഗരസഭാ പരിധിയിൽ പ്രശ്നങ്ങളുടെ തുടക്കം. ആധാരത്തിൽ മാത്രം തിരുത്താതെ ബി.ടി.ആറിൽ തിരുത്തൽ വരുത്തിയാലെ പ്രശ്നത്തിന് പരിഹാരമാകുകയുള്ളൂ. ഒരു വ്യക്തിയുടെ വസ‌്തുവിനെ സംബന്ധിച്ച‌് റവന്യൂ വകുപ്പിന്റെ കൈവശമുള്ള ആധികാരിക രേഖയാണ‌് ബി.ടി.ആർ.
വെറ്റ് ലാൻഡ് പ്രശ്നവും പരിഹരിക്കാം
ഫോറം ആറിൽ അപേക്ഷ നൽകി ഭൂമിയുടെ തരം മാറ്റണം. ഭൂമിയുടെ മേൽ മാർക്കറ്റ് വില നിശ്ചയിച്ച് അതിന്റെ പത്തു ശതമാനം അടയ്ക്കണം. 25 സെന്റിൽ കീഴെയാണെങ്കിൽ തുക വേണ്ടെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും അത് നടപ്പാക്കാൻ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിന്റെ വിശദീകരണത്തിന് സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.