കണ്ണൂർ : തലാസീമിയ മേജർ രോഗികളായ കുട്ടികൾ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്താൻ സർക്കാർ അനുമതിക്കായി കാത്തിരിക്കുന്നു. ആസന്നമരണഭീതിയിലാണ് ഇവരിൽ പലരും. ബഹുഭൂരിപക്ഷവും യൗവനത്തിലേക്ക് കടക്കും മുമ്പ് തന്നെ മരണത്തിന് കീഴ്പെടുകയാണ്. ഇവരുടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തുകയെന്നത് മാത്രമാണ്.
രോഗി കൗമാരത്തിലേക്ക് കടന്നാൽ ഇത് ചെയ്യുകയെന്നത് ദുഷ്ക്കരമാണ്. അത് കൊണ്ട് പത്തോ പന്ത്രണ്ടോ വയസെത്തും മുമ്പ് തന്നെ ഈ കുട്ടികളുടെ മജ്ജമാറ്റി വെക്കേണ്ടതുണ്ട്. പതിനഞ്ചും ഇരുപതും ലക്ഷം രൂപവരെ ഈ ശസ്ത്രക്രിയക്ക് ചിലവ് വരും . രോഗബാധിതരിൽ മഹാ ഭൂരിപക്ഷത്തിനും ഇത് വഹിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
അതേയവസരം കേന്ദ്ര ആരോഗ്യ വകുപ്പും കോൾ ഇന്ത്യ ലിമിറ്റഡുo തലാസീമിക് ഇന്ത്യയും കൂടി ചേർന്ന് ഓരോ തലാസീമിയ രോഗിയായ കുട്ടിയുടേയും മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയക്ക് പത്ത് ലക്ഷം രൂപ നൽകുന്ന ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ വെല്ലൂർ സി. എം.സി, ബംഗളൂരു നാരായണ ആശുപത്രി എന്നീ കേന്ദ്രങ്ങളാണ് ഇത് നടപ്പാക്കാൻ വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമേ കേരളത്തിൽ നിന്നും ഇത് ഉപയോഗപ്പെടുത്താനായിട്ടുള്ളൂ.
12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമേ ശസ്ത്രക്രിയ നടത്തു.അതും 100 ശതമാനം യോജിച്ച മജ്ജയുള്ള സഹോദരങ്ങൾ ഉണ്ടാവുകയും വേണം. കേരളത്തിലെ ആയിരത്തോളം വരുന്ന തലാസീമിയ രോഗികളിൽ ഇരുപത് ശതമാനം രോഗികൾ മാത്രമേ ഇത്തരത്തിൽ മജ്ജ ലഭിക്കാനുള്ള സാദ്ധ്യതയുള്ളു. ചികിത്സയ്ക്കുള്ള പ്രാരംഭമെന്ന നിലയിൽ സംസ്ഥാനത്തെ 14 വയസ്സിന് താഴെ പ്രായമുള്ള മുഴുവൻ തലാസീമിയ രോഗികളുടേയും സഹോദരങ്ങളുമായുള്ള മജ്ജയുടെ യോജിപ്പ് പരിശോധിക്കാനുള്ള എച്ച്. എൽ. എ ടെസ്റ്റും അടിയന്തരമായി നടത്തണമെന്നും രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.
കാസർകോട് ജില്ലയിൽ ചികിത്സ കിട്ടുന്നില്ല
കാസർകോട് ജില്ലയിൽ മതിയായ ചികിത്സാ സൗകര്യം ഏർപ്പെടുത്താത്തത് തലാസീമിയ പോലുള്ള രക്തജന്യ രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാസന്ന നിലയിലാവുന്ന രോഗികളെ പലപ്പോഴും മംഗളൂരുവിൽ കൊണ്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. എല്ലാ ജില്ലാ ആസ്ഥാനത്തും തലാസീമിയ രോഗികൾക്കും മറ്റ് മാരക രക്തജന്യ രോഗികൾക്കുമായി വിദഗ്ധചികിത്സാ കേന്ദ്രം തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും കാസർകോട് ജില്ലയിൽ ഇതിന്റെ പ്രയോജനം വേണ്ട വിധം ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെയാണ് വിദഗ്ധ ചികിത്സകേന്ദ്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
തലാസീമിയ രോഗികളായ കുട്ടികളുടെ മജ്ജമാറ്റിവെക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഇതിനായി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്..
കരീം കാരശ്ശേരി സംസ്ഥാന ജനറൽ കൺവീനർ ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരള