പട്ടുവം: കൈപ്പാട് നിലങ്ങളിൽ സജീവമായി പെൺകരുത്ത്. നേരത്തെ പുരുഷാധിപത്യം നിലനിന്നിരുന്ന നിലമൊരുക്കൽ പോലുള്ള ജോലികളിലാണ് തൊഴിലുറപ്പ് രംഗത്തെ സ്ത്രീ തൊഴിലാളികൾ സജീവമായിരിക്കുന്നത്. കൈപ്പാട് നിലമൊരുക്കുന്ന ജോലികളിൽ തഴക്കവും പഴക്കവും ഉണ്ടായിരുന്ന പ്രദേശത്തെ നിരവധി പേർ ഇല്ലാതായതോടെയാണ് കൈപ്പാടുകളിലെ ഈ തലമുറമാറ്റം.

പട്ടുവം പോലെ ജില്ലയിൽ കൂടുതൽ കൈപ്പാട് നിലങ്ങളുള്ള ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ, കണ്ണോം പ്രദേശങ്ങളിലാണ് ഈ സ്ത്രീകരുത്ത്. പരമ്പരാഗതരീതി അനുസരിച്ച് ഇവിടങ്ങളിലെ നിലമൊരുക്കൽ പ്രവൃത്തി തീരേണ്ടുന്ന സമയമായി. നിലമൊരുക്കൽ വിഷു കഴിഞ്ഞ ഉടനെയാണ് നടക്കുക. കാലവർഷത്തിലെ ആദ്യ മഴയോടെ വിത്തിറക്കലും നടന്നിരിക്കും. വിഷു കഴിഞ്ഞാൽ കൈപ്പാട് നിലങ്ങളിലേക്ക് ചെമ്മീൻ കണ്ടി ഉടമകൾ വെള്ളം കയറ്റാതെ നിലം ഉണങ്ങാൻ അനുവദിക്കണം. ഈ വ്യവസ്ഥയിലൂടെയാണ് കൈപ്പാട് കൃഷി നടന്നിരുന്നത്. എന്നാൽ ഇപ്പോൾ ചെമ്മീൻ കണ്ടി ഉടമകൾ ഇതിന് തയ്യാറാകാത്തതിനാൽ കൈപ്പാട് നിലമൊരുക്കൽ ശ്രമകരമായിരിക്കുന്നുവെന്ന പരാതിയുമുണ്ട്. നിലം ഉണങ്ങാത്തതിനാൽ ചെളിയിലാണ് കൊത്തുനടക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് ഇടപെടലുണ്ടാകണമെന്ന ആവശ്യവും തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്നു.

ഏഴോത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും പുലർച്ചെ ആറുമണിയോടെ സ്ത്രീ തൊഴിലാളികൾ കൈപ്പാട് കരയിൽ ഒത്തുചേരുന്നത് ഇവിടുത്തെ ആശ്ചര്യജനകമായ കാഴ്ചയാണ്.