പയ്യന്നൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പുഴശുചീകരണത്തിനിറങ്ങിയപ്പോൾ കണ്ടെത്തിയത് സമൂഹം പ്രകൃതിയുടെ ആവാസ വ്യവസ്ഥയ്ക്ക് മേൽനടത്തുന്ന കടന്നാക്രമണത്തിന്റെ ഭീകരമുഖം.

ചൂട്ടാട് അഴിമുഖം മുതൽ പെരുമ്പവരെയുള്ള പുഴയിൽ നടത്തിയ ശുചീകരണത്തിൽ ലോഡുകണക്കിന് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് ശേഖരിക്കാനായത്. അറവുമാലിന്യങ്ങളും പുഴയെ മലിനമാക്കുന്നതായി കണ്ടെത്തി. നീന്തലിലെ ലോക റെക്കോഡ് ജേതാവ് ചാൾസൺ ഏഴിമലയുടെ നേതൃത്വത്തിൽ ചാൾസൺ സ്വിമ്മിംഗ് അക്കാദമിയും കുഞ്ഞിമംഗലം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മയും ചേർന്നാണ് പുഴ ശുചീകരണത്തിനിറങ്ങിയത്.

ചൂട്ടാടുനിന്നും പുതിയപുഴക്കരയിൽ എത്തിയപ്പോഴേക്കും കരുതിയ വള്ളങ്ങളിൽ മാലിന്യശേഖരം നിറഞ്ഞതിനാൽ കടലിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലിയ ഫൈബർവള്ളം സംഘടിപ്പിച്ചാണ് മാലിന്യ ശേഖരണം തുടർന്നത്. പെരുമ്പയിലെത്തിയപ്പോഴേക്കും ആ വള്ളങ്ങളും നിറഞ്ഞിരുന്നു.

ചൂട്ടാടുനിന്നും പെരുമ്പവരെയുള്ള പതിനാല് കിലോമീറ്ററോളം വരുന്ന പുഴയുടെ ശുചീകരണം രാവിലെ പുതിയ പുഴക്കരയിൽ എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇത് വലിയൊരു ഇടപെടലാണെന്നും ഈ ദൗത്യം വിജയിക്കണമെങ്കിൽ ജനകീയ ഇടപെടൽകൂടി ആവശ്യമണെന്നും എം.എൽ.എ പറഞ്ഞു. വൈകുന്നേരം മൂന്നോടെയാണ് പുഴശുചീകരണ ദൗത്യം പെരുമ്പയിൽ സമാപിച്ചത്.

സമാപന ചടങ്ങ് അഡ്വ. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻ എം.രജീഷ് അദ്ധ്യക്ഷത വഹിച്ചു.പയ്യന്നൂർ താലൂക്ക് ആശുപത്രി പി.ആർ.ഒ ജാക്സൺ ഏഴിമല സ്വാഗതം പറഞ്ഞു.