മട്ടന്നൂർ: മേറ്റടിയിൽ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ചാ ശ്രമം. ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് കവർച്ചയ്ക്ക് ശ്രമിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടന്നത്.

മേറ്റടിയിലെ പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലും മരുതായി പാലത്തിനു സമീപത്തുള്ള വേട്ടക്കൊരുമകൻ ക്ഷേത്രത്തിലുമാണ് കവർച്ചാ ശ്രമമുണ്ടായത്. മേറ്റടി പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്ര മുറ്റത്തുള്ള ഭണ്ഡാരത്തിന്റെയും വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഭണ്ഡാരത്തിന്റെയും പൂട്ട് പൊളിച്ചിട്ടുണ്ട്. പുള്ളിവേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിക്കുന്ന ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ എത്തുമ്പോഴേക്കും മോഷ്ടാവ് ഓടുകയായിരുന്നു. മേറ്റടി ജംഗ്ഷൻ വരെ മോഷ്ടാവിനെ വീട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

ഇതിനിടെ മോഷ്ടാവ് കൈയിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി സമീപവാസി പറഞ്ഞു. കവർച്ചയ്‌ക്ക് ഉപയോഗിച്ച കമ്പി പാരയും മറ്റും വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. മോഷ്ടാവിന്റെതെന്നു കരുതുന്ന ഒരു ജോടി ചെരിപ്പും രണ്ട് തോർത്തുമുണ്ടും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.