കണ്ണൂർ: രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രോഗിയും ഭാര്യയും ഡ്രൈവറും മരിച്ചു. പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ വെട്ടിക്കുഴിയിലെ ബിജോ (45), ഭാര്യ റെജീന (37), ഡ്രൈവർ വാതിൽമട ഭൂതത്താൻ കോളനിയിലെ ഒറ്റേടത്ത് നിധിൻരാജ് (40) എന്നിവരാണ് മരിച്ചത്. റെജീനയുടെ സഹോദരൻ കാവുമ്പായി സ്വദേശി ബെന്നി (43)യെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ കണ്ണൂർ എയർപോർട്ട് റോഡിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്താണ് അപകടം. ബിജോയ്ക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ നിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് ദുരന്തമുണ്ടായത്.
പയ്യാവൂർ വാതിൽമട ഭൂതത്താൻ ട്രസ്റ്റിന്റെ ആംബുലൻസ് നിയന്ത്രണം വിട്ട് ആൽമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 10 വർഷമായി ബിജോയും റെജീനയും ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പൊട്ടൻപ്ലാവ് വെട്ടികുഴി മൈക്കിൾ-ഗ്രേസി ദമ്പതികളുടെ മകൻ ബിജോ ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ്. റെജീന മണിക്കടവ് സെന്റ് തോമസ് സ്കൂളിലെ അദ്ധ്യാപികയാണ്. മക്കൾ: മെറി ത്രേസ്യ, എബിൻ. വാതിൽമട ഭൂതത്താൻ കോളനിയിലെ വിജയൻ- രാധാമണി ദമ്പതികളുടെ മകനാണ് ഡ്രൈവർ നിധിൻ രാജ്. സഹോദരി: നിതിന മോൾ.