hump
കരിമ്പം ഫാം ഓഫീസിന് സമീപത്തെ വളവിൽ ഹംബ് ഒഴിവാക്കാനായി വലതുവശം ചേർന്ന് അപകടകരമായ രീതിയിൽ പോകുന്ന വാഹനങ്ങൾ

 തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ ഹംബ് ഒരുഭാഗത്ത് മാത്രം

തളിപ്പറമ്പ്: റോഡിൽ ഹംബുകൾ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കുകയാണ് സാധാരണ രീതി. എന്നാൽ,​ റോഡിലുള്ള ഹംബ് അപകടക്കെണിയാവുകയാണ് തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയിൽ. കരിമ്പം ഫാം ഓഫീസിന് സമീപത്താണ് ഒരു വശത്തുമാത്രം ഹംബ് നിലനിൽക്കുന്നത്.

രണ്ട് വളവുകൾക്ക് നടുവിലായിട്ടാണ് ഹംബ് ഉള്ളത്. നേരത്തെ ഇവിടെ അപകടങ്ങൾ വർദ്ധിച്ചതോടെ ആണ് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഹംബുകൾ സ്ഥാപിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി ഇരുഭാഗത്തെയും മതിലുകൾ പൊളിച്ച് വീതി കൂട്ടിയതോടെ പഴയ റോഡിൽ മുഴുവൻ വീതിയിലും നിലവിലുണ്ടായിരുന്ന ഹംബ് ഒരു ഭാഗത്തുമാത്രമായി ചുരുങ്ങി. റോഡിന് വീതി കൂട്ടിയെങ്കിലും ഹംബിന്റെ വീതി കൂട്ടാതെ വിടുകയായിരുന്നു.

ഇതോടെയാണ് ഒരു വശത്ത് മാത്രം ഹംബും മറുഭാഗം നിരപ്പായ റോഡുമായത്. ഇത് കാരണം തളിപ്പറമ്പിൽ നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഹംബ് ഒഴിവാക്കാനായി വലതുഭാഗം ചേർന്ന് തെറ്റായ ദിശയിൽ പോവുകയാണ്. മറുവശത്തുനിന്നും ഇതേ ഭാഗത്തുകൂടി വാഹനങ്ങൾ കുതിച്ചെത്തുന്നു. ഇത് നാട്ടുകാർക്ക് നെഞ്ചിടിപ്പേറ്റുകയാണ്. നേർക്കുനേർ വരുന്ന വാഹനങ്ങൾ കഷ്ടിച്ചാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഹംബ് ഒഴിവാക്കാനായി ബൈക്ക് യാത്രക്കാർ ഹംബില്ലാത്ത എതിർദിശയിലൂടെ പോകാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന കാറിന് ഇടിച്ച് വീണു. കാർ വേഗത കുറവായത് കൊണ്ടുമാത്രം വലിയ പരിക്കില്ലാതെ ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു.

റോഡ് നവീകരണം

നീളും

സംസ്ഥാനപാതാ നവീകരണത്തിനായി വളവ് നിവത്തുവാൻ കരിമ്പം ഫാമിന്റെ കൂടുതൽ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. ഇതിന്റെ പണി പെട്ടെന്നൊന്നും പൂർത്തീകരിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ അപകടം ഒഴിവാക്കാൻ റോഡിലെ ഹംബുകൾ പൂർണ്ണമായി നീക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.