mattuppavu
മാഹിയിലെ ഒരു മട്ടുപ്പാവ് കൃഷി

മാഹി: ഒരു വീട്ടിലേക്കുമപ്പുറം വേണ്ട പച്ചക്കറികൾ, മറ്റ് ജോലികൾക്കിടയിൽ തന്നെ എങ്ങിനെ കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് മയ്യഴിയിലെ ഹരിതം കൂട്ടായ്മ. കൃഷിക്കായി സ്ഥലമില്ലായ്മയും, സമയക്കുറവുമാണ് മയ്യഴിയിലെയും പ്രധാനപ്രശ്നമായി നിലനിന്നിരുന്നത്. ഇത് മനസ്സിലാക്കി മയ്യഴിയിൽ ഹരിതവിപ്ലവം തീർക്കാൻ എസ്.എൻ.ഡി.പി യോഗം മുന്നോട്ട് വരികയായിരുന്നു. അവർക്ക് പിന്തുണയുമായി ലയൺസ് ക്ലബും, ജനശബ്ദം മാഹിയും കൈകോർത്തപ്പോൾ ഗ്രോബാഗ് കൃഷിക്ക് വൻ സ്വീകാര്യതയായി.
വളവും മണ്ണും നിറച്ച തൈ നട്ട അയ്യായിരം ഗ്രോബാഗുകളാണ് ഹരിതം രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത്. ഇന്നിപ്പോൾ അറുപത് വീടുകളിൽ പയർ, ബീൻസ്, വഴുതിന, തക്കാളി, ചീര, വെണ്ട, കക്കിരി, മഞ്ഞൾ, പച്ചമുളക്, ഇഞ്ചി, കാബേജ്, കോളി ഫ്ളവർ, ചേന തുടങ്ങി ഒട്ടേറെ പച്ചക്കറികൾ വീടുകളുടെ ടെറസ്സുകൾക്കും, മുറ്റങ്ങൾക്കും അലങ്കാരമായി നിൽക്കുന്നു. നൂറു ശതമാനം ജൈവകൃഷി.
തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, 210 പേരുൾപ്പെട്ട ഗ്രൂപ്പുകളുണ്ടാക്കിയാണ് മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ നല്ലയിനം വിഷരഹിത കൃഷി നടത്തിവരുന്നത്. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായി സർവ്വീസിൽ നിന്ന് വിരമിച്ച സുരേഷ്, ജയരാജ്, കൃഷി ഓഫീസർ നാരായണൻ എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നല്കുന്നു. നാട്ടിൻ പുറകൃഷിരീതികളെ പാരമ്പര്യ രീതിയിൽ സംരക്ഷിക്കുന്നതിന് സജിത് നാരായണൻ, അഡ്വ. ടി. അശോക് കുമാർ, നെല്ലുള്ളതിൽ മനോഹരൻ, കോവുക്കൽ അനിൽ എന്നിവരും സജീവമായി രംഗത്തുണ്ട്
പന്തക്കൽ വയലിൽ ഹരിതത്തിന് ആയിരത്തോളം വാഴക്കൃഷിയുണ്ട്. കഴിഞ്ഞ ചുഴലിക്കാറ്റിൽ ഇവിടെ കൃഷിനാശവുമുണ്ടായി. ചാലക്കരയിലും, മാഹിയിലും കൃഷിത്തോട്ടങ്ങളുമുണ്ട്. ആനവാതുക്കൽ ക്ഷേത്രക്കമ്മിറ്റിയുമായി ചേർന്ന് പച്ചക്കറി കൃഷി വിജയകരമായി നടത്തിവരുന്നു.

കൊവിഡ് കാലത്ത് പച്ചക്കറി കൃഷി മനസ്സിനും ശരീരത്തിനും ആരോഗ്യം പകരുന്ന കാര്യമാണ്.

ഇവിടെ ഒറ്റ വിളവിന് പതിനായിരത്തിൽപരം രൂപയുടെ ചീര മാത്രം വിറ്റഴിഞ്ഞിട്ടുണ്ട്. പ്രദേശത്തുകാർക്ക് ഇക്കഴിഞ്ഞ വിഷുവിന് കണിവെള്ളരി കാഴ്ചവച്ചത് ഹരിതം കൂട്ടായ്മയായിരുന്നു. പരിചരണം തന്നെയാണ് മികച്ച വിളവും, കീടനാശിനിയും.

വേണുഗോപാലാലയം ക്ഷേത്ര പറമ്പിൽ കൃഷി കൂട്ടായ്മക്ക് നേതൃത്വം നൽകിയ ദേവൂട്ടിയമ്മ