ചെറുവത്തൂർ: ട്രോളിംഗ് നിരോധനം നാളെ നിലവിൽവരുമ്പോൾ കർശനമായി നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറെടുപ്പുകൾ സജീവം. നീലേശ്വരം അഴീത്തലയുള്ള റെസ്ക്യൂ ബോട്ട് മഞ്ചേശ്വരം കേന്ദ്രീകരിച്ചും അഴീത്തലയിൽ ഫൈബർ വള്ളങ്ങളും ഒരുക്കും. തീരദേശ പൊലീസി ന്റെയും സഹായമുണ്ടാകും.

മൺസൂൺ കാലത്ത് വലിയ ഫിഷിംഗ് ബോട്ടുകൾക്കാണ് കടലിലിറങ്ങുന്നതിന് നിരോധനമുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധനം ബാധകമല്ല. 169 ഫിഷിംഗ് ബോട്ടുകളും 1800 ഓളം വള്ളങ്ങളുമാണ് ജില്ലയിലെ ഫിഷറീസ് വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം യാനങ്ങളും കരയിൽ കെട്ടിയിട്ടിരിക്കുകയാണ്.

മടക്കര പഴയ തുറമുഖ പരിസരത്ത് ഇത്തരം ബോട്ടുകളുടെ നീണ്ട നിര കാണാൻ കഴിയും. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികൾ ഈ കാലയളവുകളിലാണ് നടക്കുക. മടക്കരയിലെ യാനങ്ങളിൽ കർണാടക, ഗോവ, തമിഴ് നാട് തുടങ്ങിയ വിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഭൂരിഭാഗം ജോലിക്കാരും. ബോട്ടുകൾ കരയിൽ അടുപ്പിച്ചതോടെ വലിയൊരു വിഭാഗം തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് പോയി.