കാസർകോട്: ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ ചുമതല കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസിന് ലഭിച്ചു. 1.87കോടി രൂപ ചെലവിൽ 84 ദിവസത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കും. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച ഏജൻസിയാണ് കെയർ സിസ്റ്റംസ്. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ്.

സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വച്ചത്. ഇതിനായി ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകും. ജില്ലയിലെ മുഴുവൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. ദിവസം 200 സിലിണ്ടർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ വരുന്നത്. പ്ലാന്റിന്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ.