police

കാസർകോട്: കൊവിഡ് ലോക്ക് ഡൗൺ ഡ്യൂട്ടിക്കെത്തിയപ്പോൾ താമസിക്കാൻ സൗകര്യം ഒരുക്കിത്തന്ന സർക്കാർ കെട്ടിടം വെടിപ്പാക്കി നൽകിയ പൊലീസ് സംഘത്തിന്റെ പ്രത്യുപകാരത്തിന് സല്യൂട്ട്. തോക്കിനും ലാത്തിക്കും പകരം കൈകളിൽ കൈക്കോട്ടും തൂമ്പയും വെട്ടുകത്തിയുമേന്തി അതിരാവിലെ പൊലീസുകാർ പണിക്കിറങ്ങിയാണ് സേവനസന്നദ്ധരായത്. ഒരു വർഷത്തിലേറെയായി പൂട്ടിയിട്ടത് കാരണം കാടുമൂടികിടന്ന നടക്കാവ് വലിയകൊവ്വൽ മൈതാനിക്കടുത്തുള്ള ഇ.കെ. നായനാർ സ്മാരക സർക്കാർ പോളിടെക്നിക്കിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടവും പരിസരവും വെടിപ്പാക്കി കണ്ണൂർ മങ്ങാട്ടുപറമ്പിലെ ഒരു സംഘം പൊലീസുകാർ മാതൃകയാവുകയായിരുന്നു.

കെ.എ.പി ഫോർത്ത് ബറ്റാലിയൻ എസ്.ഐ എ. രവിയുടെ നേതൃത്വത്തിലാണ് കൊവിഡ് ഡ്യൂട്ടിയുടെ ഇടവേളയിൽ കെട്ടിടവും പരിസരവും ശുചീകരിച്ചത്. ഹവിൽദാർ എം. അരുൺ, വിപിൻ കുമാർ, സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള 15 ഓളം പൊലീസുകാർ പങ്കാളികളായി. ഒരു മാസത്തിലേറെയായി കെട്ടിടത്തിൽ താമസിക്കുന്നതിനിടെയാണ് ശോചനീയാവസ്ഥ എസ്.ഐയുടെയും പൊലീസുകാരുടെയും ശ്രദ്ധയിൽപ്പെട്ടത്.

ഹോസ്റ്റൽ കെട്ടിടത്തിന്റെ അവസ്ഥ കണ്ട് വിഷമം തോന്നിയ ഇവർ വെടിപ്പാക്കി നൽകുന്ന കാര്യം മാങ്ങാട്ടുപറമ്പ് കമാൻഡന്റ് ശ്രീനിവാസൻ, ചന്തേര ഇൻസ്‌പെക്ടർ ജേക്കബ് എന്നിവരെ അറിയിച്ച് അനുമതി വാങ്ങി. പോളിടെക്നിക്കിലെ അദ്ധ്യാപകരുടെ സമ്മതവും അവരിൽ നിന്ന് പണിയായുധവും വാങ്ങിയാണ് വൃത്തിയാക്കാൻ ഇറങ്ങിയത്. വോട്ടെണ്ണലിന്റെ തലേന്നാണ് മങ്ങാട്ടുപറമ്പിലെ ക്യാമ്പിൽ നിന്നുള്ള പൊലീസുകാർ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യുട്ടിക്ക് എത്തിയത്. പോളിടെക്നിക്ക് വോട്ടെണ്ണൽ കേന്ദ്രവുമായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷം കൊവിഡ് രണ്ടാം തരംഗം വ്യാപകമായി. ഇതോടെ ഈ സംഘത്തെ കണ്ണൂരിലേക്ക് തിരിച്ചുവിളിക്കാതെ ഈ ഭാഗത്തെ കൊവിഡ് ലോക്ക് ഡൗൺ ഡ്യുട്ടിക്ക് നിയോഗിക്കുകയായിരുന്നു. അതിനിടയിൽ കൊവിഡ് രോഗികളെ പാർപ്പിക്കുന്ന കേന്ദ്രവും സർക്കാർ പോളിയിൽ തുടങ്ങിയിരുന്നു. ഇപ്പോഴും രോഗികൾ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് ഡ്യുട്ടിക്കും നിയോഗിക്കപ്പെട്ടതോടെ പൊലീസ് സംഘത്തിന് താമസിക്കാൻ സൗകര്യം നൽകിയത് പോളിയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടമായിരുന്നു. ദിവസങ്ങളായി നമ്മൾ താമസിച്ചുവന്നിരുന്ന സർക്കാർ കെട്ടിടം വെടിപ്പാക്കി നൽകിയ സംതൃപ്തിയിലാണ് പൊലീസുകാർ ചൊവ്വാഴ്ച ഡ്യുട്ടിക്ക് കയറിയത്.