കാഞ്ഞങ്ങാട്: മൂലക്കണ്ടം മുതൽ മഡിയൻ വരെ നിർമ്മിച്ച പുതിയ റോഡിൽ പാലത്തിങ്കാൽ റോഡിന് സമീപം അപകടം പതിയിരിക്കുന്നു. റോഡിന് കിഴക്കുഭാഗത്ത്കൂടി ചിത്താരി പുഴയിലേക്ക് പതിക്കുന്ന തോട് ഒഴുകി പോകുന്നുണ്ട്. മഡിയൻ പാലത്തിങ്കൽ ഭാഗത്തെ റോഡിന് വീതി കൂടിയതോടെ ഉള്ള സ്ഥലം മുഴുവൻ ടാറിട്ട റോഡ് ആയി മാറിയിരിക്കുകയാണ്. വീതി കൂടിയതോടെ വാഹനങ്ങളുടെ എണ്ണവും അതുമാത്രമല്ല നിരവധി ചരക്ക് വാഹനങ്ങളും ഇതുവഴി ദിനംപ്രതി കടന്നു പോകുന്നതാണ് നാട്ടുകാരുടെ നെഞ്ചിടിപ്പേറ്റുന്നത്.
റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തത് വളരെയധികം ഭീഷണി സൃഷ്ടിക്കുന്നു. തോട്ടിലേക്ക് വാഹനങ്ങൾ മറിഞ്ഞുവീണ് അപകടം സംഭവിച്ച് ജീവഹാനി ഉണ്ടാവാനുള്ള സാദ്ധ്യതയും ഇതുമൂലം വർദ്ധിക്കുന്നു. ഇരു സൈഡിൽ കൂടിയും വാഹനങ്ങൾ കടന്നു പോകുമ്പോൾ തോടിനോട് ചേർന്നാണ് വാഹനങ്ങൾ നീങ്ങുന്നത്. മാത്രമല്ല വളരെ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച അരികുകൾ ആണ് തോടിന് നിലവിലുള്ളത്.
അരയാൽ, അത്തി പോലുള്ള മരങ്ങളുടെ വേരുകൾ ആണ്ടിറങ്ങി പാർശ്വഭിത്തി നശിച്ച നിലയിലുമാണ്. നിരവധി കൾവർട്ട്കളും മറ്റും പുതുതായി നിർമ്മിച്ചുവെങ്കിലും പാലത്തിങ്കാൽ പാലം പുനർനിർമ്മിക്കാതെയാ ണ് ഇതുവഴി ടാർ ചെയ്തു റോഡ് നവീകരിച്ചി രിക്കുന്നത്. പാലത്തിന്റെ അടിയിൽ ഉള്ള ദണ്ഡുകൾ പോലും ദ്രവിച്ച നിലയിലാണ് ഇപ്പോഴുള്ളത്. ഇത് വലിയൊരു അപകടത്തിനുള്ള സാദ്ധ്യതയാണ് തുറക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മടിയൻ പാലത്തിങ്കൽ റോഡിന്റെ ഏകദേശം അൻപത് മീറ്ററോളം വരുന്ന കിഴക്ക് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഒരുക്കണമെന്നാണ് അവരുടെ ആവശ്യം.