തൃക്കരിപ്പൂർ: ലോക്ക് ഡൗണിന്റെ മറവിൽ തൃക്കരിപ്പൂരിൽ അനധികൃത മദ്യവിൽപ്പന പൊടിപൊടിക്കുന്നു. ബീവറേജസ് സ്റ്റാളുകളും ബാറുകളും അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് അനധികൃത മദ്യവിൽപ്പന വ്യാപകമായിട്ടുള്ളത്. 'ഫ്രൂട്ടി" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കർണാടകയിൽ നിന്നുള്ള പാക്കറ്റ് മദ്യമാണ് സുലഭമായി ലഭിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, മത്സ്യ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിലായി പത്തോളം ആളുകളാണ് മദ്യ വിൽപ്പനക്ക്‌ നേതൃത്വം നൽകുന്നത്. കടലാസ് കൂടുകളിൽ ഫ്രൂട്ടിയുടെ രൂപത്തിലാണ് ടെട്രാ പായ്ക്കറ്റ് മദ്യം എത്തുന്നത്.

കർണാടകയിൽ 72 രൂപ വിലയുള്ള180 മി. ലിറ്ററിന്റെ ബാംഗ്ലൂർ വിസ്കി, ഡബിൾ കിക്ക്‌ എന്നിങ്ങനെ ലേബലുകളിലുള്ള മദ്യത്തിന് 250 മുതൽ 350 രൂപ വരെയാണ് വില ഈടാക്കുന്നത്. മദ്യം തൃക്കരിപ്പൂരിലെത്തിക്കാനും വിൽപ്പന നടത്താനും വലിയൊരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. യുവാക്കളാണ് ഇവരുടെ ഇര. ടൗണിന്റെ പല ഭാഗങ്ങളിലും മദ്യത്തിന്റെ ഒഴിഞ്ഞ കടലാസ് കൂടുകൾ നിത്യ കാഴ്ചയാണ്. പേക്കടം, നടക്കാവ്, പൂച്ചോൽ ഭാഗങ്ങളിലും കർണാടക മദ്യം 'ഫ്രൂട്ടി" സുലഭമായി ലഭിക്കുന്നുണ്ട്.

ഒറ്റ നോട്ടത്തിൽ കണ്ടാൽ മദ്യമാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ ഫ്രൂട്ടി കുടിക്കുന്നത് പോലെ പകൽ വെളിച്ചത്തിലും സേവിക്കാൻ കഴിയുന്നുണ്ടെന്നത് മദ്യപാനികൾക്ക് ഗുണകരമാകുന്നു. കൊവിഡിന്റെ മറവിൽ രാപ്പകലില്ലാതെയുള്ള അനധികൃത മദ്യ വിൽപ്പനക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വലിയപറമ്പിൽ

വ്യാജമദ്യ വേട്ട

വലിയപറമ്പ് പഞ്ചായത്തിൽ വീണ്ടും അനധികൃത മദ്യം പിടിച്ചെടുത്തു. 8, 9 വാർഡ് ജാഗ്രതാ സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് വ്യാജമദ്യ വേട്ട നടന്നത്. ലോക്ക് ഡൗണിന്റെ മറവിൽ കർണാടകയിൽ നിന്നും തീരദേശ മേഖലയിൽ എത്തുന്ന അനധികൃത വ്യാജമദ്യം വലിയപറമ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഏജന്റുമാർ മുഖേന വില്പന നടത്തുന്നതായാണ് റിപ്പോർട്ട്‌. കഴിഞ്ഞ ദിവസവും ഒൻപതാം വാർഡിൽ നിന്നും വ്യാജ മദ്യം പിടിച്ചെടുത്തിരുന്നു. മാത്രമല്ല പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വ്യാജവാറ്റ് കേന്ദ്രം നാട്ടുകാരുടെ നേതൃത്വത്തിൽ തകർത്ത സംഭവവുമുണ്ടായിരുന്നു.