forest

കാസർകോട്: വയനാട് മുട്ടിൽ മോഡലിൽ കാസർകോട് ജില്ലയിലും പട്ടയഭൂമിയിലെ വില കൂടിയ മരങ്ങൾ മുറിച്ചു. ജില്ലയുടെ മലയോര മേഖല കേന്ദ്രീകരിച്ചു നടന്ന മരം മുറി സംഭവത്തിൽ വനംവകുപ്പ് ഇതുവരെയായി എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. 26 ക്യുബിക് മീറ്റർ തടി പിടികൂടി. സ്ഥലമുടമകൾക്ക് പുറമേ മരത്തടികൾ ശേഖരിച്ച് പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രതിചേർത്തും കേസെടുത്തിട്ടുണ്ട്.

റവന്യൂപ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് റിസർവ്വ് വനങ്ങളോട് ചേർന്ന പട്ടയ ഭൂമിയിലെ ഈട്ടിയും തേക്കും മുറിച്ചത്. നെട്ടണിഗെ, പെദ്ര, പരപ്പ, ബളാൽ എന്നിവിടങ്ങളിൽ നിന്നാണ് മരത്തടികൾ കൂടുതലും പിടികൂടിയത്. പടിച്ചെടുത്ത പതിനേഴ് ലക്ഷം രൂപ വില കണക്കാക്കുന്ന 26 ക്യുബിക് മീറ്റർ തടി പരപ്പയിലുള്ള സർക്കാർ ഡിപ്പോയിലേക്ക് മാറ്റി. കാസർകോട് ഫോറസ്റ്റ് റേഞ്ചിൽ ആറ് കേസുകളും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിൽ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

മരക്കച്ചവടക്കാരും ബദിയടുക്ക സ്വദേശികളുമായ നാസർ, സജി എന്നിവർ കാസർകോട് റേഞ്ചിലെ ആറ് കേസുകളിലും പ്രതികളാണ്. പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു നീക്കം. റവന്യൂവകുപ്പിന്റെ ഉത്തരവിൽ പാളിച്ചയുണ്ടെന്ന് മനസ്സിലാക്കി മരംമുറിക്കാനായി വന്ന നിരവധി അപേക്ഷകൾ മടക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡാണ് അന്വേഷണം നടത്തിവരുന്നത്.