കണ്ണൂർ : സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് കോൺഗ്രസിനെ കേഡർ ശൈലിയിലേക്ക് കൊണ്ടുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കേഡർ ശൈലി സി.പി.എമ്മിന്റേതു മാത്രമല്ല. കോൺഗ്രസ്സിൽ മുൻകാലത്ത് കേഡർ സ്വഭാവം നിലനിന്നിരുന്നു. എന്നാൽ, പിന്നീട് അതൊക്കെ നഷ്ടമായി. എന്നിട്ടും കോൺഗ്രസ് ശക്തമായ അടിത്തറയോടെ നിലനിന്നു. ആ പഴയ പ്രതാപവും പ്രൗഢിയും വീണ്ടെടുക്കേണ്ടതുണ്ട്- 'കേരളകൗമുദി"ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്?
കോൺഗ്രസ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശക്തമായി തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നിലവിലുള്ള സംഘടനാ സംവിധാനം കൊണ്ടു മാത്രം ശക്തിപ്പെടുത്താൻ കഴിയില്ല. പ്രവർത്തകരിൽ രാഷ്ട്രീയബോധം സൃഷ്ടിക്കുന്നതിലൂടെ സംഘടനയിൽ അച്ചടക്കം നടപ്പാക്കാൻ കഴിയും.
മുൻ പ്രസിഡന്റിനെ എങ്ങനെ വിലയിരുത്തുന്നു?
മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടനയെ ശക്തമാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. സംഘടനാ ദൗർബല്യം തന്നെയാണ് അദ്ദേഹത്തിനും ശാപമായത്. പാർട്ടി പ്രസിഡന്റ് മാത്രം വിചാരിച്ചാൽ സംഘടനയെ ചലിപ്പിക്കാൻ കഴിയില്ല. അതിനുള്ള മെക്കാനിസം വേണം. സംഘടനയെ വളർത്താനുള്ള അനുകൂല സാഹചര്യം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്നതിൽ യുക്തിയില്ല. കൊവിഡിനെ തുടർന്നുണ്ടായ സാഹചര്യം സി.പി.എമ്മിന് അനുകൂലമായപ്പോൾ കോൺഗ്രസ് തളർന്നു പോകുകയാണുണ്ടായത്.
കപ്പിനും ചുണ്ടിനുമിടയിൽ പലതവണ നഷ്ടമായ അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ച്?
കെ.പി.സി.സി അദ്ധ്യക്ഷപദവി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പലപ്പോഴും തൊട്ടു തൊട്ടില്ല എന്ന നിലയിൽ അടുത്തെത്തിയിരുന്നുവെങ്കിലും ഞാൻ അതിയായി ആശിച്ചിരുന്നില്ല. അതേസമയം, നേതാക്കൾ ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാനും തയ്യാറായിരുന്നു. ഇപ്പോൾ ആ സ്ഥാനം തേടിയെത്തിയതിൽ സന്തോഷമുണ്ട്. ഇനി എല്ലാവരെയും ഒറ്റ മനസ്സോടെ നയിക്കുകയെന്നതാണ് എന്റെ ദൗത്യം.