മാഹി: ലോക്ക് ഡൗണിലെ ഇളവിനെ തുടർന്ന് പുതുച്ചേരി സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലെല്ലാം മദ്യഷാപ്പുകൾ തുറന്നെങ്കിലും മാഹിയിൽ അടഞ്ഞുതന്നെ. മാഹിയിലും റീട്ടെയിൽ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കാൻ അധികൃതർ അനുവാദം നൽകിയെങ്കിലും, മദ്യ വ്യാപാരികളുടെ സംഘടനാ നേതാക്കൾ കടകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
കേരളത്തിൽ കൊവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ, മാഹിയിൽ തൽക്കാലം മദ്യഷാപ്പുകൾ തുറക്കേണ്ടതില്ലെന്നാണ് ലിക്കർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചത്.
അതേസമയം മറ്റു വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ തുറന്ന് പ്രവർത്തിക്കും.
മദ്യത്തിനായി വൻജനക്കൂട്ടം,
പൊലീസ് വിരട്ടിയോടിച്ചു
മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുമെന്നറിയിച്ചതിനെ തുടർന്ന് നിരവധി പേർ മാഹി ടൗൺ, പള്ളൂർ, മൂലക്കടവ് കോപ്പാലമടക്കമുള്ള സ്ഥലങ്ങളിലെത്തിയിരുന്നു. ജനക്കൂട്ടം പിരിഞ്ഞ് പോകാൻ കൂട്ടാക്കാതിരുന്നപ്പോൾ ഇവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കേരളത്തിനൊപ്പം മാത്രമെ ഇനി മാഹിയിലും മദ്യഷാപ്പുകൾ തുറക്കാൻ സാദ്ധ്യതയുള്ളൂ.