കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന എൻമകജെയിലെ കെ.സുന്ദരയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനായ വി.വി രമേശന്റെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് എടുക്കും.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം രമേശന്റെ വീട്ടിലെത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക. മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ വി.വി.രമേശൻ നൽകിയ ഹർജിയിലാണ് കേസെടുക്കാൻ പൊലീസിന് അനുമതി നൽകിയത്. രമേശൻ നൽകുന്ന മൊഴിയുടെ വിശാദംശങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. തുടർന്നായിരിക്കും അന്വേഷണം ഏത് വഴിക്കാണ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് തീരുമാനിക്കുക.
മത്സരത്തിൽ നിന്ന് പിന്മാറാൻ സുരേന്ദ്രൻ പണം നൽകിയെന്ന് വെളിപ്പെടുത്തിയ കെ. സുന്ദരയിൽ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും. നേരത്തെ ലോക്കൽ പൊലീസിന് സുന്ദര നൽകിയ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ബാധകമല്ല. അതിനാലാണ് പുതിയ മൊഴിയെടുക്കുന്നത്. ഈ മൊഴിയിൽ സുന്ദര പറയുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും കേസിന്റെ ഭാവി.
സുന്ദര പഴയ മൊഴിയിൽ ഉറച്ചു നിന്നാൽ കോഴയായി നൽകിയ പണം വന്ന വഴിയും അന്വേഷിക്കേണ്ടിവരും. കൂടുതൽ പേരെ കേസിൽ പ്രതിചേർക്കുന്നതും സുന്ദരയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും എന്നാണ് സൂചന. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബദിയടുക്ക ഇൻസ്‌പെക്ടർ സലിം, ബദിയടുക്ക എസ്.ഐ ഉൾപ്പെടെ ഡിവൈ.എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീമിനെയാണ് കേസ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്.
ബദിയടുക്ക പൊലീസ് സ്റ്റേഷന് പുറത്തുള്ള മണ്ഡലത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളും ഈ അന്വേഷണ പരിധിയിൽ വരും. അതേസമയം, ജില്ലാ ക്രൈംബ്രാഞ്ചിന് കേസിന്റെ എഫ്.ഐ.ആർ മാത്രമാണ് നൽകിയതെന്നും സുന്ദരയുടെ മൊഴിയെടുത്ത ലോക്കൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന് ഇതോടെ പ്രസക്തിയില്ലാതായെന്നും ഒരുന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സുന്ദരയ്‌ക്ക് പണം നൽകിയ കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക്ക്, സുരേഷ് നായ്ക് , അശോക് ഷെട്ടി തുടങ്ങിയ ബി.ജെ.പി പ്രവർത്തകരെ കൂടി കേസിൽ പ്രതി ചേർക്കുകയും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ പാർപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.