തൃക്കരിപ്പൂർ: മൺസൂൺ കാല ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപു തന്നെ മത്സ്യങ്ങൾക്ക് തീവില. ഇന്നലെ അർദ്ധരാത്രി മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്. എന്നാൽ, അടുത്തകാലത്തായി മത്സ്യങ്ങൾ കിട്ടാത്ത സ്ഥിതിയാണ്. അയലയുടെയും മത്തിയുടെയും വില സർവ്വകാല റെക്കാർഡ് ഭേദിച്ച പോലെ ഉയർന്ന നിലയിലായി. മീഡിയം സൈസ് അയല ഇന്നലെ കിലോയ്ക്ക് 400 രൂപയ്ക്കാണ് തൃക്കരിപ്പർ മാർക്കറ്റിൽ വിൽപ്പന നടത്തിയത്.
മടക്കരയിൽ നിന്നുള്ള ഫ്രഷ് ഉൽപ്പന്നമായതിനാൽ വില നോക്കാതെ ഗുണഭോക്താക്കൾ വാങ്ങുന്നുമുണ്ട്. മംഗലാപുരത്തു നിന്നും വന്ന അയല കിലോയ്ക്ക് 300 രൂപയ്ക്ക് കിട്ടുമെങ്കിലും അത് വാങ്ങാൻ ആളില്ല. കാലിക്കടവിലെ മാർക്കറ്റിൽ ഒരു കിലോഗ്രാം മത്തിക്ക് 300 രൂപയായിരുന്നു വില. പുഴ മത്സ്യത്തിന് ഇവിടെ വലിയ വിലയാണ്. ചെറിയ സൈസ് പുഴ മത്സ്യം കിലോയ്ക്ക് 500 തൊട്ടു.
ഇനിയുള്ള ദിവസങ്ങളിൽ മത്സ്യവില ഉയരുമെന്ന ആശങ്കയുമുണ്ട്. വലിയ യന്ത്രവൽകൃത ഫിഷിംഗ് ബോട്ടുകൾക്ക് കടലിൽ പോകാൻ വിലക്കുള്ളത് കൊണ്ട് മത്സ്യ ലഭ്യത നന്നേ കുറയും. എന്നാൽ പരമ്പരാഗത രീതിയിൽ മീൻ പിടിക്കുന്ന ചെറിയ യാനങ്ങൾക്ക് വിലക്കില്ല. സാധാരണയായി കാലവർഷക്കാലത്ത് ചാകര പ്രത്യക്ഷപ്പെടുമ്പോഴാണ് സാധാരണക്കാരന്റെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ നിറയുന്നത്.