
കണ്ണൂർ : ചാക്കിന് നൂറു മുതൽ 120 രൂപ വരെ വില ഒറ്റയടിക്ക് വർദ്ധിപ്പിച്ച് സിമന്റ് നിർമ്മാതാക്കൾ നിർമ്മാണമേഖലയുടെ നട്ടെല്ലൊടിക്കുന്നു.വില വർദ്ധനവിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ നിർമ്മാണങ്ങൾ പാടെ നിലക്കുന്ന അവസ്ഥയാണ്. ലോക്ക്ഡൗണിനിടയിലും ഇളവുകൾ നൽകി നിർമ്മാണ മേഖലക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നതിനിടെയാണ് സിമന്റ് വില വർദ്ധനവ് തിരിച്ചടിയാവുന്നത്.
ഫിബ്രുവരിയിൽ 380 രൂപയുണ്ടായിരുന്ന സിമന്റ് വില ഇപ്പോൾ 500 കടന്നു.ലോക്ക്ഡൗണിന്റെ തുടക്കം മുതലേ സർക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവൃത്തികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഈ ആനുകൂല്യം പോലും നഷ്‌ടമാകുന്ന രീതിയിലാണ് സിമന്റിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലവർദ്ധന .മാർച്ചിൽ 360 രൂപ മുതൽ 390 രൂപ വരെയാണ് വലിയുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ അവസാനത്തോടെ വില 420 കടന്നു. വീണ്ടും സിമന്റ് ഒരു ചാക്കിന് 60 രൂപവരെ ഒരുമാസത്തിനുള്ളിൽ വർദ്ധിച്ചു. സിമന്റിന് നിലവിൽ 470-480 നിരക്കാണ് ഈടാക്കുന്നത്. ഇതു കൂടാതെ കയറ്റിറക്ക് കൂലിയും ചേരുമ്പോൾ അഞ്ഞൂറ് രൂപ കടക്കുകയാണ് മിക്കയിടത്തും.
സിമന്റ് വഴിയെ കമ്പിയും മെറ്റലും
കമ്പി, മെറ്റൽ, എം സാൻഡ് എന്നിവക്കും വില കൂടുന്നുണ്ട്. ഒരടി മെറ്റലിന് 37 രൂപയുണ്ടായിരുന്നത് 45ന് മുകളിലെത്തി. കിലോയ്‌ക്ക് 45 നും 50 നുമിടയിലുണ്ടായിരുന്ന കമ്പിക്ക് 60 രൂപ വരെയായി. ഏറ്റെടുത്ത നിർമ്മാണങ്ങൾ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് കരാറുകാർ പറഞ്ഞു. കരാറെടുത്ത് പണി തുടങ്ങിയതിനു ശേഷമാണ് സിമന്റിനും മറ്റും വില വർദ്ധിച്ചത്.കമ്പനികൾക്കൊപ്പം വൻകിട ഡീലർമാരും ഈ വിലവർദ്ധനവിന് പിന്നിലുണ്ടെന്നും ചെറുകിട കരാറുകാർ പറഞ്ഞു.