തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് ശസ്ത്രക്രിയകൾ മുടങ്ങിയിട്ടു മാസങ്ങൾ. കൊവിഡ് പ്രതിസന്ധി തുടങ്ങിയതു മുതലാണ് ശസ്ത്രക്രിയകളുടെ എണ്ണം കുറച്ചത്. കൊവിഡിനു മുൻപ് പ്രതിമാസം 75 ബൈപ്പാസ് ശസ്ത്രക്രിയ വരെ നടന്നിടത്ത് മൂന്നു മാസത്തിനിടെ പരിയാരം ഗവ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ (ഹൃദയാലയ) ഒരു ബൈപ്പാസ് സർജറി പോലും നടന്നിട്ടില്ല.
നിർദ്ധനരായ ഒട്ടേറെ രോഗികളാണ് ഇതോടെ ദുരിതത്തിലായത്. ഗത്യന്തരമില്ലാതെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമ്പോൾ രണ്ടുലക്ഷം രൂപയോളം ചെലവു വരുന്നുണ്ട്. കാരുണ്യ ഉൾപ്പെടെ മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തി സഹകരണ ഹൃദയാലയയിൽ നേരത്തെ ചികിത്സ ലഭ്യമായിരുന്നു. സർക്കാർ ഏറ്റെടുക്കുമ്പോൾ ചികിത്സാസൗകര്യം വർദ്ധിക്കുമെന്നായിരുന്നു പ്രതീക്ഷ. ഏകദേശം പതിനായിരത്തിൽ താഴെ മാത്രം ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് നൽകിയാൽ മതിയായിരുന്നു. അതിനാൽ മറ്റു ജില്ലകളിൽ നിന്നുപോലും പരിയാരം ഹൃദയാലയയിൽ രോഗികളെത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം തുടങ്ങിയതോടെ ബൈപ്പാസ് ശസ്ത്രക്രിയകൾ ഘട്ടംഘട്ടമായി കുറച്ച് ഇപ്പോൾ പൂർണമായും നിലച്ച സ്ഥിതിയാണ്.
നിലവിൽ ഹൃദയാലയയിൽ നാല് ബൈപാസ് സർജന്മാരുണ്ട്. പഴയ ഓപ്പറേഷൻ തിയറ്റർ സംവിധാനം ആധുനികവത്കരിക്കാത്തതും ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളും മറ്റും യഥാസമയം ലഭ്യമാവാത്തതും തടസ്സമാകുന്നുണ്ട്. കിടക്ക കിട്ടാത്തതിനാൽ ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട വാർഡുകളും ഇവിടെയുണ്ട്.
.