കാഞ്ഞങ്ങാട്: ലോക്ക് ഡൗണിൽ നാടുനീളെ മദ്യശാലകൾ അടഞ്ഞുകിടക്കുമ്പോഴും മുക്കിലും മൂലയിലും മദ്യം സുലഭം. വ്യാജവാറ്റിന് പുറമെ കർണാടക മദ്യമാണ് ആളുകളെ ലഹരിയിലാക്കുന്നത്. പച്ചക്കറി വാഹനങ്ങളിലാണ് മദ്യം കടത്തുന്നത്. ആഢംബര വാഹനങ്ങളിലും മദ്യം കടത്തുന്നുണ്ട്. വീടുകളും ഹോട്ടലുകളും സമാന്തര ബാറുകളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.

ഇതുവരെയായി ജില്ലയിലെ വിവിധ ഇടങ്ങളിൽ മദ്യം പിടികൂടുകയുണ്ടായെങ്കിലും മദ്യവില്പന പൊടിപൊടിക്കുകയാണ്. ആവശ്യക്കാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകുവാൻ മദ്യമാഫിയകൾ തമ്മിൽ മത്സരിക്കുന്നു. ഇവർക്ക് ആരെയും പേടിയില്ല. 3 മുതൽ 25 വരെ കേസുകളിൽ പ്രതികളായവർ പോലുമുണ്ട്. ഉദ്യോഗസ്ഥ ഒത്താശയുമുണ്ടെന്ന പരാതിയുണ്ട്.

അയൽ സംസ്ഥാനത്ത് അമ്പതു രൂപ വിലയുള്ള ടെട്രാ പാക്കറ്റ് മദ്യം മെയിൻ ഏജന്റിനു കൈമാറുന്നത് ഒന്നിന് 80 മുതൽ 110 രൂപയ്ക്കാണ്. അവിടെ നിന്നും ഇട നിലക്കാർ മത്സര ബുദ്ധിയോടെയാണ് പിന്നീട് വില നിശ്ചയിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നത്. 300 രൂപയിൽ മേൽപ്പോട്ടാണ് ആവശ്യക്കാർ വാങ്ങിക്കുമ്പോൾ. ചേറ്റുകുണ്ട് കല്ലിങ്കാൽ ഭാഗത്തും, അജാനൂർ, പുല്ലുർ പെരിയ, വെള്ളിക്കോത്ത്, പെരളം എന്നിവിടങ്ങളിലും മദ്യവില്പന സജീവമായി നടക്കുന്നു. ബി.ആർ.ഡി.സി ഒഴിഞ്ഞ പറമ്പിൽ മദ്യവിൽപ്പന സുലഭമാണെന്ന് പറയുന്നു. കാഞ്ഞങ്ങാട് തീരമേഖലയിലും നഗരങ്ങളിലും മലയോരങ്ങളിലും യഥേഷ്ടം കിട്ടുന്നുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പിറകുവശം കേന്ദ്രീകരിച്ചും വില്പനയുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കൊളവയലിലെ തപാൽ ഓഫീസിനു സമീപത്തെ വാടക ക്വാർട്ടേഴ്സിനു മുകളിൽ നിന്നും ആയിരം പാക്കറ്റ് മദ്യം പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ എക്സൈസ് 179 ലിറ്ററോളം മദ്യം പിടിച്ചു.