vv-rameshan

കാസർകോട്: മഞ്ചേശ്വരത്ത് കെ. സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ. സുരേന്ദ്രനുമായി ബന്ധമുള്ളവർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച്, പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയെടുത്തു. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ നടന്ന മൊഴിയെടുക്കൽ രണ്ടു മണിക്കൂറിലേറെ നീണ്ടു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാർ ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന രമേശൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശ പ്രകാരം ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ബദിയടുക്ക പൊലീസ് കേസെടുത്തത്.

തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനും സുരേന്ദ്രൻ പണമൊഴുക്കിയിട്ടുണ്ടെന്ന് രമേശൻ അന്വേഷണസംഘത്തോട് പറഞ്ഞു. എൻമകജെ ഉൾപ്പെടെ പല സ്ഥലങ്ങളിലുമുള്ളവർ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. ക്രൈംബ്രാഞ്ച് സുന്ദരയുടെയും മൊഴിയെടുക്കും.